ന്യൂദല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെങ്കിലും ഇതിന്റെ പേരിലുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം കളിക്കാനുള്ള വാതില്‍ അടഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാല പറഞ്ഞു.
‘രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നു. ഈ വിധി രാമക്ഷേത്ര നിര്‍മാണത്തിന് വാതില്‍ തുറന്നതു മാത്രമല്ല, ഇതിന്റെ പേരില്‍ ഇനിയും രാഷ്ട്രീം പറയാനുള്ള ബി.ജെ.പിയുടെ വാതില്‍ അടയുക കൂടിയാണ് ഇതുവഴി ചെയ്തിട്ടുള്ളത്’. രണ്‍ദീപ് സുര്‍ജെവാലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളി ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്.
കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നുമാണ് വിധിയിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.