|

ലോക്‌സഭയില്‍ ചൂട് കൂടും; ബി.ജെ.പി സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തിക്കോ: മുന്നറിയിപ്പുമായി സുപ്രിയ ശ്രീനേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ചൂട് കൂടുമെന്നും മുമ്പ് ഉണ്ടായിരുന്നതുപോലെ ഏകാധിപത്യപരമായി ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുന്നറിയിപ്പ്.

‘ലോക്‌സഭയിലെ താപനില ഉയരാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സീറ്റ് ബെല്‍റ്റ് നിങ്ങള്‍ ഉറപ്പുവരുത്തുക,’ സുപ്രിയ ബി.ജെ.പിയോട് പറഞ്ഞു. ലോക്‌സഭ ഇനി ഒരിക്കലും ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തിക്കില്ലെന്നും സുപ്രിയ ശ്രീനേറ്റ് വ്യക്തമാക്കി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24നാണ് ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

രാഹുല്‍ ഗാന്ധിയ്ക്ക് പറയാനുള്ളതെല്ലാം അദ്ദേഹം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കും. അതില്‍ ആര്‍ക്കും ഇനി കൈകടത്താന്‍ കഴിയില്ലെന്നും സുപ്രിയ പറഞ്ഞു. പൊതുജനം ബി.ജെ.പിയുടെ ഗുണ്ടായിസത്തെയും അഹങ്കാരത്തെയും സ്വേച്ഛാധിപത്യത്തെയും തറപറ്റിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയോട് താന്‍ മുന്‍കൂറായി സഹതാപം പ്രകടിപ്പിക്കുകയാണെന്നും ലോക്‌സഭയില്‍ രാഹുലിനോടൊപ്പം ഇനി പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. മികച്ച പ്രഭാഷകരായ ഇന്ത്യാ സഖ്യത്തിലെ വലിയ നേതാക്കളുടെ നിര തന്നെ ലോക്‌സഭയിലുണ്ടെന്നും സുപ്രിയ ശ്രീനേറ്റ് പറയുകയുണ്ടായി.

പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സുപ്രിയ മറുപടി നല്‍കി.

View this post on Instagram

A post shared by Congress (@incindia)


റെയില്‍വേയുടെ സുരക്ഷയ്ക്കായി രൂപീകരിച്ച ആര്‍.ആര്‍.എസ്.കെയ്ക്ക് ലഭിക്കേണ്ടിയിരുന്നത് ഏകദേശം 20,000 കോടി രൂപയാണ്. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ഈ മേഖലക്ക് കിട്ടിയത് 4225 കോടി രൂപ മാത്രമാണ്. ഇതുസംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സുപ്രിയ പറഞ്ഞു. 15 പേരുടെ മരണത്തിന് കാരണമായ ബംഗാള്‍ ട്രെയിന്‍ അപകടത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവിന്റെ വെളിപ്പെടുത്തല്‍.

Content Highlight: Congress warned the NDA government

Video Stories