ന്യൂദൽഹി: കോൺഗ്രസ് ഇന്ത്യയിലെ യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തിലേക്ക് കൊണ്ടുപോകുന്നെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദൽഹിയിൽ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെത്തുടർന്നാണ് രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിൻ്റെ ഇരുണ്ട ലോകത്തേക്ക് കോൺഗ്രസ് നയിക്കുകയാണെന്ന ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയത്.
ബുധനാഴ്ച തെക്കൻ ദൽഹിയിൽ നടത്തിയ റെയ്ഡിൽ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും കണ്ടെടുത്തതിനെ തുടർന്നാണ് മുഖ്യപ്രതി തുഷാർ ഗോയൽ അറസ്റ്റിലായിരുന്നു. ദൽഹിയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെ പ്രതി തുഷാർ ഗോയലുമായി ബന്ധമില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു.
മോദി സർക്കാരിന് മയക്കുമരുന്നിനോട് സീറോ ടോളറൻസാണ് ഉള്ളതെന്നും തങ്ങളുടെ സർക്കാർ വിദ്യാഭ്യാസം, കായികം, നവീനത എന്നിവയിലേക്ക് യുവാക്കളെ നയിക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അത് ഇല്ലാതാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലാണ് അമിത് ഷാ ആരോപണവുമായി എത്തിയത്.
‘മയക്കുമരുന്ന് രഹിത ഇന്ത്യക്കായി മോദി സർക്കാർ സീറോ ടോളറൻസ് നയം സ്വീകരിക്കുമ്പോൾ, ഉത്തരേന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 5,600 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിൻ്റെ പങ്കാളിത്തം അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണ്, ‘ അമിത് ഷാ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളിൽ മയക്കുമരുന്നിൻ്റെ സ്വാധീനം ഉണ്ടായിരുന്നെന്നും തങ്ങൾ അതിൽ നിന്ന് യുവാക്കളെ നന്മയുടെ മാർഗത്തിലേക്ക് നയിക്കുകയാണെന്നും അമിത് ഷാ വാദിച്ചു.
കോൺഗ്രസ് നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യുവാക്കളെ മയക്കുമരുന്നിൻ്റെ ചെളിക്കുഴിയിലേക്ക് തള്ളി വിടുന്നതായും അത് ഒരിക്കലും അനുവദിക്കില്ലെന്നും ഷാ പറഞ്ഞു, മയക്കുമരുന്ന് ശൃംഖലയെ മുഴുവൻ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുമാണ് അമിത് ഷായുടെ വാദം.
തുഷാർ ഗോയലുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നിഷേധിച്ചപ്പോൾ , 2022 വരെ താൻ മുമ്പ് ഡൽഹി പ്രദേശ് കോൺഗ്രസിൻ്റെ വിവരാവകാശ സെല്ലിൻ്റെ ചെയർമാനായി സേവനമനുഷ്ഠിച്ചതായി ചോദ്യം ചെയ്യലിൽ അദ്ദേഹം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
Content Highlight: Congress wants to take youth to dark world of drugs: Amit Shah on Delhi drug bust