ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായിള്ള സഖ്യ സാധ്യകള്‍ തള്ളിക്കളഞ്ഞ് ആം ആദ്മി നേതാവും എം.പിയുമായ സഞ്ജയ് സിങ്ങ്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കെതിരെ എ.എ.പിയോടൊപ്പം സഖ്യം ചേര്‍ന്നില്ലെങ്കില്‍ രാജ്യം കോണ്‍ഗ്രസിന് മാപ്പു നല്‍കില്ലെന്ന് ദല്‍ഹി എ.എ.പി കണ്‍വീനര്‍ ഗോപാല്‍ റായും പറഞ്ഞു.
ദല്‍ഹി സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച സമവാക്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സഞ്ജയ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് നാലു എം.പിമാരും 20 എം.എല്‍.എമാരുമുള്ള പഞ്ചാബില്‍ ഒരു സീറ്റു പോലു കോണ്‍ഗ്രസ് നല്‍കിയില്ല. 1.30 ലക്ഷം വോട്ടുകള്‍ നേടിയ ചണ്ഡീഗഡില്‍ ഒരു സീറ്റു പോലും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല. ആറു ശതമാനം വോട്ടു നേടിയ ഗോവയില്‍ സ്ഥിതി സമാനം തന്നെ. കോണ്‍ഗ്രസിന് യാതൊരു സാന്നിധ്യവുമില്ലാത്ത ദല്‍ഹിയില്‍ അവര്‍ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞത് മൂന്നു സീറ്റുകളിലാണ്’- സഞ്ജയ് പറഞ്ഞു.
‘കോണ്‍ഗ്രസിന് നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണെന്ന്’- ഗോപാല്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായിടത്തൊക്കെ അവരെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസും എ.എ.പിയും സഖ്യധാരണയിലെത്തിയിരുന്നു. എന്നാല്‍ സീറ്റു വിഭജനം തീരുമാനമായിരുന്നില്ല. ദല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്നത് തങ്ങളുടെ പ്രധാന അജണ്ട ആയിരിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ചേര്‍ക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടിരുന്നു.
ദല്‍ഹിയില്‍ ഏഴു ലോക്സഭാ സീറ്റാണുള്ളത്, ഹരിയാനയില്‍ പത്തും. ദല്‍ഹിയിലും ഹരിയാനയിലും മെയ് പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.
ദല്‍ഹിയില്‍ അഞ്ചു സീറ്റ് നല്‍കണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. 2014-ല്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തു വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. സഖ്യത്തില്‍ കെജ്രിവാള്‍ നല്‍കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവരുടെ വാദം.