| Friday, 3rd November 2017, 6:50 pm

'കൈകോര്‍ത്ത്'; ജിഗ്‌നേഷ് മെവാനി രാഹുലുമായി ചര്‍ച്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദളിത് നേതാവ് ജിഗ്നേഷ് മെവാനി കൂടിക്കാഴ്ച നടത്തി. ഘുജറാത്തിലെ നവസാരിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മെവാനി രാഹുലിനൊപ്പം യാത്ര ചെയ്തു. രാഹുലിന്റെ ജാഥാ വാഹനത്തിലാണ് ജിഗ്‌നേഷ് യാത്ര നടത്തിയത്.


Also Read: ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം; കമല്‍ഹാസനെതിരെ കേസെടുത്തു


രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്‌നേഷ് പ്രതികരിച്ചു. 17 ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുലില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും മെവാനി പ്രതികരിച്ചു.

ഗുജറാത്തിലെ ദളിത് മുഖമായ മെവാനിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചെന്നും മനക് ഗുപ്തയും ട്വിറ്ററിലൂടെ പറഞ്ഞു.

നേരത്തെ രാഹുലുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഗ്‌നേഷ് പറഞ്ഞിരുന്നു. ഇനി അഥവാ താന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോണ്‍ഗ്രസ് നിലപാടറിയാന്‍ വേണ്ടിയായിരിക്കുമെന്നും അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Dont Miss: ബി.ജെ.പിയെ ഞെട്ടിച്ച് അമിത് ഷായുടെ റാലിയിലെ ഒഴിഞ്ഞകസേരകള്‍: ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍


ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിഗ്‌നേഷ് മെവാനി പറഞ്ഞിരുന്നു. ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും ഏതെങ്കിലും പ്രത്യേക പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ താന്‍ ആരോടും ആഹ്വാനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭരണഘടനാ വിരുദ്ധമായ, ദളിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബി.ജെ.പിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നെലെ കോണ്‍ഗ്രസ് നേതാവുമായുള്ള മെവാനി നടത്തിയ കൂടിക്കാഴ്ച ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

We use cookies to give you the best possible experience. Learn more