| Friday, 31st July 2020, 9:08 am

കോണ്‍ഗ്രസില്‍ ആത്മപരിശോധന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍, ആദ്യം തുടങ്ങേണ്ടത് നിങ്ങളില്‍ തന്നെയെന്ന് യുവ എം.പി; നേതൃത്വത്തിനെതിരെ 'യുവ തുര്‍ക്കി'കള്‍'?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദുര്‍ബലമായ പരാജയം, മാസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നേരിടേണ്ടി വന്ന അട്ടിമറി , നിലവില്‍ രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി, നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ സാഹചര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിപ്പോള്‍ എന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി വ്യാഴാഴ്ച വിളിച്ച രാജ്യസഭാ എം.പിമാരുടെ യോഗത്തില്‍ ഇത്തരം ഒരു ആവശ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കപില്‍ സിബല്‍ തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോണ്‍ഗ്രസുമായുള്ള അസംതൃപ്തി മനസിലാക്കാന്‍ പാര്‍ട്ടി ജനങ്ങളിലേക്ക് എത്തിച്ചേരണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കും യുവ നേതാക്കള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

ആത്മപരിശോധന നടത്തുന്നത് ആരംഭിക്കേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എം.പി രാജീവ് സതാവ് മുതിര്‍ന്ന നേതാക്കളോട് പറഞ്ഞത്.

2009 ലെ 200 ലധികം സീറ്റുകളില്‍ നിന്ന് എങ്ങനെയാണ് കോണ്‍ഗ്രസ് 44 ല്‍ എത്തിയതെന്ന് പരിശോധിക്കണമെന്നും
എവിടെയാണ് പരാജയപ്പെട്ടു പോയതെന്ന് അന്ന് മന്ത്രിയായിരുന്നവര്‍ പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കളെ ഉന്നമിട്ട് വെര്‍ച്വല്‍ മീറ്റിംഗില്‍ സതാവ് അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

‘എല്ലാവിധത്തിലും ആത്മപരിശോധന നടത്തുക…. പക്ഷേ നമ്മള്‍ എങ്ങനെയാണ് 44 ല്‍ എത്തിയത്… അതും പരിശോധിക്കണം. 2009 ല്‍ നമ്മള്‍ 200-ലധികം ആയിരുന്നു. നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ഇത് പറയുന്നു (ആത്മപരിശോധന നടത്തേണ്ടതുണ്ട്). നിങ്ങള്‍ എല്ലാവരും അന്ന് മന്ത്രിമാരായിരുന്നു. സത്യം പറഞ്ഞാല്‍, നിങ്ങള്‍ എവിടെയാണ് പരാജയപ്പെട്ടതെന്ന് പരിശോധിക്കുകയും വേണം. രണ്ടാം യു..പിഎ കാലഘട്ടത്തില്‍ നിന്ന് നിങ്ങള്‍ ആത്മപരിശോധന നടത്തണം, ”സതാവ് പറഞ്ഞു.

രണ്ടാം യു.പി.എ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സതാവിന്റെ പരാമര്‍ശങ്ങള്‍.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, യു.പി.എ മുന്‍ മന്ത്രിമാരായ ചിദംബരം, എ.കെ ആന്റണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ യോഗത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തിരിഞ്ഞ ‘യുവ തുര്‍ക്കി’കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായതെന്നാണ് വിവരങ്ങള്‍.

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്നാണ് പഞ്ചാബ് എം.പിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഷംഷര്‍ സിംഗ് ഡുള്ളോ പറഞ്ഞത്.

മുതിര്‍ന്ന നേതാക്കളുടെ രക്തവും അധ്വാനവുമാണ് പാര്‍ട്ടി കെട്ടിപ്പടുത്തതെന്നും യുവനേതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു വന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more