ലാഖിംപൂര്‍: എട്ടുവയസ്സുകാരിയെ പ്രതിഷേധറാലിയില്‍ പങ്കെടുപ്പിച്ച ആസ്സാം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. ഇന്ധനവിലവര്‍ദ്ധനവിനെതിരെ ലാഖിംപൂരില്‍ നടന്ന റാലിയിലാണ് പെണ്‍കുട്ടിയെ പൊരിവെയിലത്ത് പാളയിലിരുത്തി റോഡുവഴി വലിച്ചുകൊണ്ടു പോയത്. റാലിയുടെ മുന്നില്‍ കുട്ടിയെ വലിച്ചുകൊണ്ടു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.
രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിഷേധപരിപാടിയില്‍ കുഞ്ഞിനെ കരുവാക്കി എന്നു കാണിച്ച് ശിശുസംരക്ഷണസമിതിയും വിദ്യാര്‍ത്ഥിസംഘടനകളും വിമര്‍ശനങ്ങളുയര്‍ത്തിയതോടെ, കോണ്‍ഗ്രസ്സ് ഖേദം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ ലഖിംപൂര്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആസ്സാം ശിശുസംരക്ഷണ സമിതി ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
അതേസമയം, ലാഖിംപൂര്‍ കോണ്‍ഗ്രസ്സ് മഹിളാവിഭാഗം പ്രവര്‍ത്തകയായ കുട്ടിയുടെ അമ്മ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ പാളയിലിരുത്തി വലിച്ചത് പ്രതീകാത്മകമായാണെന്നും കഷ്ടിച്ച് ഒരു മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ദൃശ്യത്തെ പര്‍വതീകരിക്കുകയാണെന്നും ഇവര്‍ പറയുന്നു.
“ഇതൊരു ഗുരുതരമായ കുറ്റമായി കാണേണ്ട കാര്യമില്ല. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഇന്ധനവില കാരണം സമീപഭാവിയില്‍ നമ്മുടെ കുട്ടികളെ പാളയിലിരുത്തി വലിച്ച് സ്‌കൂളിലേക്ക് പറഞ്ഞയയ്‌ക്കേണ്ടി വരുമെന്നു പ്രസ്താവിക്കാനാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചത്. എന്റെ മകള്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ പാളയിലിരുന്നിട്ടുള്ളൂ.” കുട്ടിയുടെ അമ്മ പറഞ്ഞു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്.
രാഷ്ട്രീയലാഭത്തിനായാണ് കുട്ടിയെ ഉപയോഗിച്ചതെന്നും തികച്ചും അധാര്‍മികമായ നീക്കമായിരുന്നു ഇതെന്നും അസോം ജാതിയതാബാദി യുവ ഛാത്ര പരിഷദ്, ഓള്‍ ആസ്സാം സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവര്‍ സംഭവത്തെ അപലപിച്ചുകൊണ്ടു പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് എ.പി.സി.സി. വൃത്തങ്ങള്‍ അറിയിച്ചു. “കുട്ടിയുടെ അമ്മയുടെ വൈകാരിക പ്രകടനത്തിന്റെ ഭാഗമായിരുന്നു സംഭവം. അല്ലാതെ മുന്‍കൂട്ടി തീരുമാനിച്ചു ചെയ്തതല്ല. റാലിയുടെ തിരക്കുകളിലായിരുന്നതിനാല്‍ ഞങ്ങള്‍ കുട്ടിയെ ശ്രദ്ധിച്ചില്ല. തെറ്റാണ് സംഭവിച്ചിരിക്കുന്നത്. നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണ്.” ലാഖിംപൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡോ. ജയ് പ്രകാശ് ദാസ് പറഞ്ഞു.