ന്യൂദല്‍ഹി: ഇസ്രാഈല്‍ – ഫലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്. യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടത്.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ അന്തഃസ്സോടെ ജീവിക്കാനുള്ള അവകാശം ഫലസ്തീന്‍ ജനതയ്ക്കുണ്ടെന്ന് പ്രസ്താവനയില്‍ കോണ്‍ഗ്രസ് പറഞ്ഞു. അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം മാനിക്കണമെന്നും ലംഘിക്കപ്പെടരുതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗാസയ്ക്ക് മേലുള്ള വ്യോമാക്രമണവും ഹമാസിന്റെ റോക്കറ്റ് ആക്രമണവും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരപരാധികളുടെ ജീവന് ഇല്ലാതാക്കിയ ദുരന്തത്തിന് ഇടയുണ്ടാക്കിയെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ആനന്ദ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.
വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു. ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക