| Tuesday, 18th June 2019, 9:23 pm

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് ബി.ജെ.പി എം.പിയെ; കൂട്ടിന് സഖ്യകക്ഷികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഓം ബിര്‍ളയെ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള യു.പി.എ കക്ഷികളുടെ തീരുമാനം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്പീക്കര്‍ പദവിയില്‍ ബിര്‍ളയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് സഭയില്‍ നല്‍കിക്കഴിഞ്ഞതായി ചൗധരി അറിയിച്ചു.

ഇതോടെ എതിരില്ലാതെ ബിര്‍ള ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

ഇന്നു വൈകിട്ട് പാര്‍ലമെന്റില്‍ യു.പി.എ കക്ഷികള്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി സംബന്ധിച്ച് ബി.ജെ.പി എന്തു നിലപാട് എടുക്കുമെന്നതാണ് കോണ്‍ഗ്രസ് കാത്തിരിക്കുന്നത്. പരമ്പരാഗതമായി പ്രതിപക്ഷത്തിനാണ് ആ പദവി ലഭിക്കാറുള്ളത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പിയാണ് ബിര്‍ള. കോട്ടയില്‍ നിന്നും ഇത് രണ്ടാമത്തെ തവണയാണ് ബിര്‍ള എം.പിയാവുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാംനാരായണ്‍ മീണയെ രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് ബിര്‍ള പരാജയപ്പെടുത്തിയത്.

കഴിഞ്ഞതവണ ലോക്സഭാ സ്പീക്കറായിരുന്ന സുമിത്രാ മഹാജന്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

തിങ്കളാഴ്ച ബി.ജെ.പി എം.പി വീരേന്ദ്ര കുമാറിനെ പ്രോട്ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. 300 എം.പിമാരുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

We use cookies to give you the best possible experience. Learn more