| Thursday, 23rd March 2023, 1:15 pm

'ഗാന്ധിമാര്‍ പേടിക്കാറില്ല'; കോടതി വിധിയെ നിയമപരമായി നേരിടും: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ കുറച്ച് നാളുകളായി രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുന്ന നടപടികള്‍ വ്യാപകമാണെന്നും അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള കോടതി വിധിയെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കൂട്ടത്തില്‍ ഗാന്ധിമാര്‍ പേടിക്കാറില്ലെന്ന ടാഗും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

രാജ്യം ഭരിക്കുന്ന ഏകാധിപതികള്‍ക്ക് നേരെ എല്ലാകാലത്തും ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് രാഹുലെന്നും തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചവരെ കുറ്റവാളിയാക്കി ചിത്രീകരിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. കോടതി വിധിയെ നിയമപരമായി നേരിടുമെന്നും നീതിയുടെ വഴിയില്‍ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘രാജ്യം ഭരിക്കുന്ന ഏകാധിപതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാണ് രാഹുല്‍ ഗാന്ധി എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. തെറ്റിനെ തെറ്റെന്ന് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ട്. കേന്ദ്ര സര്‍ക്കാരിന് രാഹുലിനെ ഭയമാണ്.

അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള കേസും നടപടികളും. ചിലപ്പോള്‍ ഇ.ഡി, അല്ലെങ്കില്‍ പൊലീസ്, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കള്ളക്കേസ്, ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കോടതി വിധിയെ കോണ്‍ഗ്രസ് നിയമപരമായി നേരിടും. നമ്മള്‍ പോരാടും വിജയിക്കും,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

അതേസമയം രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് കോടതി വിധിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. രണ്ട് വര്‍ഷം തടവ് വിധിച്ചത് എം.പിയെന്ന നിലയില്‍ രാഹുലിന്റെ പൊതുജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ഒരു പാര്‍ലമെന്റംഗത്തിന് ശിക്ഷ വിധിച്ചാല്‍ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റ വിവാദ പരാമര്‍ശമുണ്ടായത്. എന്ത് കൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയെന്ന് വരുന്നതെന്നായിരുന്നു രാഹുല്‍ ചോദിച്ചത്.

ഇതിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രി പൂര്‍ണേഷ് മോദിയാണ് മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. പിന്നാലെ ജാമ്യവും അനുവദിക്കുകയായിരുന്നു.

Content Highlight: Congress tweet on rahul gandhi’s high court

We use cookies to give you the best possible experience. Learn more