| Tuesday, 23rd November 2021, 5:31 pm

കോണ്‍ഗ്രസ് സിദ്ദുവിനെ അടിച്ചമര്‍ത്തുകയാണ്; രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ്: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന നവജ്യോത് സിങ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ് എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ചരണ്‍ജിത്ത് സിങ് ചന്നി സര്‍ക്കാരിന്റെ വ്യാജ വാഗ്ദാനങ്ങളെ തുറന്ന് കാട്ടിയ സിദ്ദുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

‘കഴിഞ്ഞ ദിവസം മണല്‍ മാഫിയയെ തുടച്ചു നീക്കിയെന്നും മണലിന്റെ വില കുറഞ്ഞെന്നും ചന്നി അവകാശപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഈ വിവരം തെറ്റാണെന്നും മണല്‍ മാഫിയ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിദ്ദു തുറന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു,’ പഞ്ചാബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

‘ചന്നി നുണ പറയുകയാണെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയുന്ന സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ്. ആദ്യം അത് അമരീന്ദര്‍ സിങ്ങായിരുന്നെങ്കില്‍ ഇപ്പോഴത് ചന്നിയാണ്’ കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിസിറ്റിയും മൊഹല്ല ക്ലിനിക്കും നല്‍കാമെന്ന വാഗ്ദാനങ്ങളൊന്നും ചന്നി പാലിച്ചില്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സിദ്ദുവിനെതിരെ ഗുരുതരമായ ആരോപണങ്ങല്‍ ഉന്നയിച്ചിരുന്നു. സിദ്ദു അവസരവാദിയാണെന്ന പറഞ്ഞ അമരീന്ദര്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുമെന്നും പറഞ്ഞു. ഇതിനെതിരെ ആഞ്ഞടിച്ച എ.എ.പിയുടെ പഞ്ചാബിന്റെ ചുമതലയുള്ള നേതാവ് രാഘവ് ചന്ദ് അമരീന്ദര്‍ പ്രതിപക്ഷ നേതാവിനെ പോലെ സംസാരിക്കരുതെന്ന് പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിദ്ദുവിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചത്. എന്നാല്‍ അമരീന്ദര്‍ ബി.ജെ.പിയോടാണ് കൂറ് പുലര്‍ത്തുന്നത് എന്ന് സിദ്ദു തിരിച്ചടിച്ചു. അമരീന്ദറിന് ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചന്നി പിന്നീട് സിദ്ദുവുമായി തെറ്റിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: congress-trying-to-suppress-navjot-sidhu-s-voice-kejriwal-in-punjab

We use cookies to give you the best possible experience. Learn more