ആനന്ദ്നാഗ്: അഫ്സൽ ഗുരുവിന്റെ തൂക്കിക്കൊലയെയും ജെ.എൻ.യു വിദ്യാർത്ഥി നേതാക്കൾക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റാരോപണത്തെയും താരതമ്യം ചെയ്ത് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹ്ബൂബ മുഫ്തി. രണ്ടു സംഭവങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള നീക്കമാണിതെന്നും കോൺഗ്രസിനെ ഉന്നം വെച്ച് മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇപ്പോൾ അതേ കാര്യം ബി.ജെ.പിയും ആവർത്തിക്കുകയാണെന്നും അവർ പറഞ്ഞു.
“ഞാൻ മുൻപ് പറഞ്ഞതുപോലെ തെരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം പ്രവൃത്തികൾ സംശയം ജനിപ്പിക്കും. ജനങ്ങൾ ഓർക്കുന്നുണ്ടാകും, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ഇരുപത്തിയെട്ടാം പ്രതിയായ അഫ്സൽ ഗുരുവിനെ കോൺഗ്രസ് തൂക്കിലേറ്റുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നാണ് അവർ കണക്ക് കൂട്ടിയത്. ഇന്ന് ബി.ജെ.പിയും അത് തന്നെ ചെയ്യുന്നു. കനയ്യ കുമാർ, ഉമർ ഖാലിദ്, തുടങ്ങിയ 8 പേരുടെ പേരുകൾ ചാർജ് ഷീറ്റിലുണ്ട്. ഇത് തീർച്ചയായും തെറ്റാണ്. എനിക്ക് തോന്നുന്നത് ജമ്മു കശ്മീരിലെ ആൾക്കാരെ വെച്ച് അവർ വീണ്ടും രാഷ്ട്രീയം കളിക്കുകയാണെന്നാണ്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.” മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.
“ഞങ്ങൾ ബി.ജെ.പിയുമായി സഖ്യം ചേർന്നത് ജമ്മു കശ്മീർ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള ജനപിന്തുണ ഉണ്ടായത് കൊണ്ടാണ്. വാജ്‌പേയി ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ഹുറിയത്തുമായും, പാകിസ്ഥാനുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ മോദിക്ക് ആ രീതിയിൽ ചിന്തിക്കാൻ ആവുമെന്നു തോന്നുന്നില്ല്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ ജനങ്ങൾ നിരാശരാണ് എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ അവർ ഞങ്ങളെ വെറുക്കുന്നില്ല. അത് കടുപ്പമേറിയ തീരുമാനം തന്നെയായിരുന്നു. എന്നാൽ അത് ജനങ്ങളുടെ നന്മക്ക് വേണ്ടിയായിരുന്നു.” മെഹ്ബൂബ പറയുന്നു.
പ്രാദേശിക സമരക്കാർ മണ്ണിന്റെ മക്കളാണെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ഹുറിയത്ത് മാത്രമല്ല, തോക്കുകൾ കൊണ്ട് നടക്കുന്ന ആരെയും സംശയദൃഷ്ടിയോടെത്തന്നെ നോക്കണമെന്ന് പറഞ്ഞ മുഫ്തി, എന്നാൽ അതിനായുള്ള സമയം ഇതല്ലെന്നും കൂട്ടിച്ചേർത്തു.
Also Read അപ്രതീക്ഷിതം; വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
ഇന്നലെയാണ് ജെ.എൻ.യു. മുൻ വിദ്യാർത്ഥിയൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറും, വിദ്യാർഥികളായ ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് കാണിച്ച് ദില്ലി പൊലീസ് പട്യാല കോടതിയിൽ 1200 പേജുള്ള കുറ്റപത്രം സമർപ്പിക്കുന്നത്.
2016 ഫെബ്രുവരിയിൽ ദില്ലിയിലെ ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്ന അഫ്സൽഗുരു അനുസ്മരണത്തെ – രാജ്യദ്രോഹപരിപാടിയെന്നാണ് കുറ്റപത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്കിടെ കനയ്യയും ഉമറും അനിർബനും കശ്മീരി വിദ്യാർഥികളായ മറ്റ് ഏഴ് പേരും രാജ്യദ്രോഹമുദ്രാവാക്യങ്ങൾ ഉയർത്തിയതിന് തെളിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്.
അഫ്സൽ ഗുരു അനുസ്മരണം നടത്തിയതിന് മൂവരെയും അറസ്റ്റ് ചെയ്ത ദൽഹി പൊലീസിന്‍റെ നടപടി രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.പി.ഐ. നേതാക്കളായ ആനി രാജയുടെയും ഡി.രാജയുടെയും മകളായ അപരാജിത രാജയും ജമ്മു കശ്മീർ സ്വദേശിയായ ഷെഹ്‍ല റാഷിദും പ്രതിപ്പട്ടികയിലുള്ള മറ്റ് 36 വിദ്യാർത്ഥികളിൽ പെടുന്നു. എന്നാൽ ഇവർക്കെതിരെ നേരിട്ട് തെളിവില്ല എന്നും കുറ്റപത്രത്തിൽ പറയുന്നു.