ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ‘എന്റെ ലോകം’ എന്ന ക്യാപ്ഷന്‍ നല്‍കി അദാനിയുടെ ചിത്രങ്ങള്‍ നോക്കി നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മോദി അദാനി ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദി-അദാനി കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ സ്വത്ത് പാവപ്പെട്ട, ആവശ്യക്കാരായ ജനങ്ങള്‍ക്കാണ് വിതരണം ചെയ്യേണ്ടതെന്നും, അല്ലാതെ ശതകോടീശ്വരന്മാരായ അദാനിയെപ്പോലുള്ളവര്‍ക്കല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബി.ജെ.പി അദാനിക്ക് നല്‍കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
‘രാജ്യത്ത് അഴിമതി നിറഞ്ഞ ഭരണമാണ് ബി.ജെ.പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ അഴിമതിക്കെതിരെയാണ് സംസാരിക്കുന്നത്, എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കോണ്‍ട്രാക്ടുകള്‍ക്ക് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ മോദി പ്രതികരിക്കാത്തത്. മോദി ഇതുവരെയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല, ഇനി പ്രതികരിക്കുമെന്നും തോന്നുന്നില്ല,’ കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രസംഗത്തിനിടെ രാഹുല്‍ പറഞ്ഞു.
മോദി ഏത് രാജ്യത്ത് പോയാലും പ്രധാന കരാറുകള്‍ അദാനിക്ക് ലഭിക്കുമെന്നും കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന ജയ് ഭാരതില്‍ അദ്ദേഹം പറഞ്ഞു. ‘അദാനിയെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മൈക്ക് ഓഫ് ചെയ്തു. അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോദി ഭയക്കുന്നുണ്ട്. അദാനി അഴിമതിയുടെ ചിഹ്നമാണ്,’ രാഹുല്‍ പറഞ്ഞു.
കര്‍ണാട തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായിരുന്നു ബി.ജെ.പിക്കുണ്ടായത്. 135 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷിയായപ്പോള്‍ 66 സീറ്റുകള്‍ മാത്രം നേടാനെ ബി.ജെ.പിക്കായുള്ളു.