ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയ ‘ടൂ മച്ച് ഡെമോക്രസി’ എന്ന ഹാഷ്ടാഗിന്റെ ചുവട് പിടിച്ച് ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. ഇന്ത്യയില്‍ നേതൃത്വം കൂടുതലാണെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ട്വീറ്റ്.
ഇന്ത്യയില്‍ കൂടുതല്‍ ജനാധിപത്യമുള്ളതുകൊണ്ട് കടുത്ത പരിഷ്‌കാരങ്ങളൊന്നും നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ കാന്തിന്റെ ടൂ മച്ച് ഡെമോക്രസി എന്ന പ്രസ്താവന സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിംഗ് ആവുകയായിരുന്നു. കാന്തിന്റെ പ്രസ്താവനയെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്.
ഇന്ത്യയില്‍ ശക്തമായ നവീകരണങ്ങള്‍ നടപ്പാക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യയില്‍ ജനാധിപത്യം വളരെയധികം കൂടുതലാണ്… കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലയില്‍ നടപ്പാക്കിയ പോലെയുള്ള നവീകരണങ്ങള്‍ നടത്തണമെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാ ശക്തി ആവശ്യമാണ്. ഇനിയും ഒരുപാട് ഇവിടെ നടപ്പാക്കാനുമുണ്ട്,’ അദ്ദേഹം പറഞ്ഞു.
ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തഘട്ട നവീകരണം നടപ്പാക്കി തുടങ്ങേണ്ടത് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ നിന്നം പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ കാര്‍ഷിക മേഖലയില്‍ നവീകരണം ആവശ്യമാണെന്നായിരുന്നു കാന്തിന്റെ മറുപടി.
‘താങ്ങുവില അവിടെ തന്നെയുണ്ടാകുമെന്ന് മനസിലാക്കലാണ് ഇതില്‍ പ്രധാനം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും അതില്‍ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കും,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക