ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാടുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. കോണ്‍ഗ്രസില്ലെങ്കിലും പ്രതിപക്ഷ മുന്നണി ഉണ്ടാക്കുമെന്ന സൂചനയാണ് മമത മുന്നോട്ടുവെക്കുന്നത്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത കോണ്‍ഗ്രസിനോടുള്ള തന്റെ അതൃപ്തി പ്രകടമാക്കിയത്.
കോണ്‍ഗ്രസിനെതിരെ മമത വിമര്‍ശനം നടത്തുകയും ചെയ്തു. യു.പി.എ എന്നുപറഞ്ഞാല്‍ എന്താണെന്നും ഇപ്പോള്‍ യു.പി.എ ഒന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
കോണ്‍ഗ്രസിന് ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് പോരാടാത്തതുകൊണ്ട് ബി.ജെ.പി വളരുകയാണെന്നും മമത പറഞ്ഞു.
” നിലവിലുള്ള ഫാസിസത്തിനെതിരെ ആരും പോരാടാത്തതിനാല്‍ ഉറച്ച ബദല്‍ ഉണ്ടാക്കണം. ആര്‍ക്കും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ആര്, ഏത് സ്ഥലത്ത് ശക്തനായാലും പോരാടണം. ശരദ് ജിയാണ് ഏറ്റവും മുതിര്‍ന്ന നേതാവ്, രാഷ്ട്രീയ മര്യാദയോടെയാണ് ഞാന്‍ ചര്‍ച്ചയ്ക്ക് വന്നത്,” അവര്‍ പറഞ്ഞു.