|

കോണ്‍ഗ്രസ് കുതന്ത്ര പാര്‍ട്ടി; ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് വോട്ട് ബാങ്കിനായി: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഇന്ത്യാ സഖ്യത്തിലെ പങ്കാളിയായ കോണ്‍ഗ്രസിനെ കുതന്ത്ര പാര്‍ട്ടി എന്ന് വിളിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്നെ വഞ്ചിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ ജനങ്ങളെ വഞ്ചിക്കാനും കഴിയുമെന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

‘ആര്‍ക്കും റേഷനായി ഒന്നും കിട്ടുന്നില്ല, പിന്നെന്തിനാണ് നിങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുന്നത്? കോണ്‍ഗ്രസിനുപോലും വോട്ട് ചെയ്യേണ്ടതില്ല. കാരണം അവര്‍ കുതന്ത്ര പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ചതിക്കാമെങ്കില്‍ ആരെയും ചതിക്കാന്‍ സാധിക്കും,’ അഖിലേഷ് യാദവ് പറഞ്ഞു.
രാജ്യവ്യാപകമായി ജാതി സെന്‍സസ് വേണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

‘അവരുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറിയിരിക്കുന്നു.അവര്‍ ജാതി സംവരണം ആവശ്യപ്പെടുന്നത് വോട്ട് ബാങ്കിന് ആയിട്ടാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നത് നിങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആയിട്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ തങ്ങളുടെ സിറ്റിങ് സീറ്റിലുള്‍പ്പടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യാ സഖ്യത്തിന് ബദലായി പി.ഡി.എയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ ആറു മണ്ഡലങ്ങള്‍ എസ്. പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താമെന്ന ധാരണ കോണ്‍ഗ്രസ് തെറ്റിച്ചതിന് പിന്നാലെ എസ്.പി കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതിന് പകരമായി ഉത്തര്‍ പ്രദേശില്‍ എല്ലാസീറ്റിലും മത്സരിക്കമെന്ന് അഖിലേഷ് അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് എസ്.പിയുമായി സഖ്യം ചേര്‍ന്നത്.

അഖിലേഷിന്റെ ഈ പ്രസംഗം ബി.ജെ.പിക്ക് ഇന്ത്യാ സഖ്യത്തെ കടന്ന് ആക്രമിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്.

‘പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അത് നശിക്കാന്‍ തുടങ്ങിയിരിക്കുന്നു.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ അതിലെ കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നു.ഇപ്പോള്‍ ഇന്‍ഡി സീറോ സംഖ്യമായിരിക്കുന്നു,’ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

content highlight : Congress tricky Party; If Congress can cheat us, it can cheat anyone: Akhilesh Yadav