അമൃത്സര്‍: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് കാലിടറുന്നു.
വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
സിറ്റിംഗ് സീറ്റായ ചംകൗര്‍ സാഹേബ് മണ്ഡലത്തിലും ഇതിന് പുറമെ മത്സരിച്ച ബാദൗര്‍ മണ്ഡലത്തിലുമാണ് ചന്നി പിന്നിട്ടു നില്‍ക്കുന്നത്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് പുറമെ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും പുറകിലാണ്. സിറ്റിംഗ് സീറ്റായ അമൃത്സര്‍ ഈസ്റ്റിലാണ് സിദ്ദു പുറകില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നിലാണ് പി.സി.സി അധ്യക്ഷന്‍ പിന്നില്‍ എന്ന വസ്തുതയും ശ്രദ്ധേയമാണ്.
ഇതിന് പുറകെ പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പിന്നിലാണ്. അമരീന്ദറിന്റെ രാജകുടുംബത്തിന് ഏറെ സ്വാധീനമുള്ള പട്യാല അര്‍ബനിലാണ് സിംഗ് പിന്നിലായിരിക്കുന്നത്.
അതേസമയം, സ്വപ്‌ന തുല്യമായ മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയുടെ സര്‍വേ ഫലം ശരിവെക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്. അതേ ഫലസൂചനകളാണ് വോട്ടെണ്ണുന്ന സമയത്തും കാണാനാവുന്നത്.
പഞ്ചാബില്‍ നിന്നുള്ള ആദ്യ ഫല സൂചന വരുമ്പോള്‍ ആം ആദ്മിക്ക് മുന്നേറ്റം. ആം ആദ്മി 86 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
കോണ്‍ഗ്രസ് 19 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ശിരോമണി അകാലി ദള്‍ രണ്ട് സീറ്റിലും ബി.ജെ.പി മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.