സച്ചിനെ പ്രകോപിപ്പിക്കരുത്; ഗെലോട്ടിനോട് കോണ്‍ഗ്രസ്
COVID-19
സച്ചിനെ പ്രകോപിപ്പിക്കരുത്; ഗെലോട്ടിനോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 6:10 pm

ന്യൂദല്‍ഹി: പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. സച്ചിനെതിരായ ഗെലോട്ടിന്റെ പ്രസ്താവനയില്‍ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഗെലോട്ട് ഉന്നയിച്ചത്.

‘നന്നായി ഇംഗ്ലീഷ് സംസാരിച്ചതുകൊണ്ടോ നല്ല ബൈറ്റുകള്‍ കൊടുത്തതുകൊണ്ടോ കാണാന്‍ സുന്ദരനായിരുന്നതുകൊണ്ടോ എല്ലാമായില്ല. നിങ്ങളുടെ ഉള്ളില്‍ എന്താണ് ഉള്ളത്, നിങ്ങളുടെ പ്രത്യയശാസ്ത്രം, നിങ്ങളുടെ നയങ്ങള്‍, നിങ്ങളുടെ കര്‍ത്തവ്യബോധം ഇതെല്ലാമാണ് പരിഗണിക്കപ്പെടുക’, എന്നായിരുന്നു അശോക് ഗെലോട്ട് പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസില്‍ വിമതശബ്ദമുയര്‍ത്തുന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും രംഗത്തിറങ്ങിയതായാണ് റിപ്പോര്‍ട്ട്. സച്ചിനായി കോണ്‍ഗ്രസ് വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അറിയിക്കണമെന്ന് പ്രവര്‍ത്തകരോടായി രാഹുല്‍ പറഞ്ഞു.

ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്

നേരത്തെ രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ ചേരില്ലെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയിലേക്ക് പോകില്ലെന്ന് താങ്കളുടെ (സച്ചിന്‍ പൈലറ്റ്) പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടു. അങ്ങനെയാണെങ്കില്‍ ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാരിന്റെ ഹോട്ടലുകളില്‍ നിന്ന് തിരിച്ചുവരൂ. ബി.ജെ.പി നേതാക്കളോട് സംസാരിക്കുന്നത് നിര്‍ത്തൂ’, സുര്‍ജേവാല പറഞ്ഞു.

പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് സംസാരിക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും ബി.ജെ.പിയില്‍ ചേരുകയെന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ