| Saturday, 9th October 2021, 5:55 pm

പുതിയ അധ്യക്ഷന്‍, തെരഞ്ഞെടുപ്പ്, നിലവിലെ രാഷ്ട്രീയ സാഹചര്യം; ഉന്നതാധികാര സമിതി ചേരാന്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ യോഗം ചേരാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗമാണ് ഒക്ടോബര്‍ 16ന് എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് ചേരുന്നതെന്ന് നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളും രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുമാവും യോഗത്തിലെ മുഖ്യ അജണ്ട.

കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ രൂക്ഷമായത്. പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് നേതൃത്വം രാജി വെക്കാന്‍ ആവശ്യപ്പെടുകയും പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നിയെ നിയമിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് അമരീന്ദര്‍ പാര്‍ട്ടി വിടുകയായിരുന്നു. ഇതു കൂടാതെ സിദ്ധു അധ്യക്ഷസ്ഥാനം രാജി വെക്കുകയും തുടങ്ങി നിരവധിയായ സംഭവ വികാസങ്ങളാണ് കോണ്‍ഗ്രസില്‍ അരങ്ങേറിയത്.

പഞ്ചാബിന് പുറമെ രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വം വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരാനൊരുങ്ങുന്നത്.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടക്കും. പാര്‍ട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരസ്യ വിമര്‍ശനമുയര്‍ത്തിയിരുന്നു.

‘ കോണ്‍ഗ്രസിന് ഇപ്പേള്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല. ആരാണ് പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതെന്ന കാര്യം ഞങ്ങള്‍ക്കറിയില്ല,’ കപില്‍ സിബല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം പരോക്ഷ വിമര്‍ശനം തൊടുത്തു വിട്ടിരുന്നു. തങ്ങള്‍ ‘ജി ഹുസൂര്‍’ നേതാക്കളല്ലെന്നും ജി. 23 നേതാക്കളാണെന്നും നിരന്തരമായ വിമര്‍ശനങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്.

പഞ്ചാബ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉത്തര്‍പ്രദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിയങ്കയും രാഹുലും ബി.ജെ.പിയെ നിരന്തരമായി കടന്നാക്രമിക്കുകകയാണ്.

പാര്‍ട്ടി നേതൃത്വത്തിലെ തന്നെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോവാനും വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress Top Body To Meet On Oct 16 To Hold Talks Over New Party Chief

We use cookies to give you the best possible experience. Learn more