മോദിയെ ആയുധമാക്കി തന്നെ 2019ല്‍ അധികാരം പിടിക്കാന്‍ രാഹുലിന്റെ തന്ത്രം; മോദിയുടെ പൊളളയായ വാഗ്ദാനങ്ങള്‍ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കും
National Politics
മോദിയെ ആയുധമാക്കി തന്നെ 2019ല്‍ അധികാരം പിടിക്കാന്‍ രാഹുലിന്റെ തന്ത്രം; മോദിയുടെ പൊളളയായ വാഗ്ദാനങ്ങള്‍ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 11:14 am

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച അതേ തെരഞ്ഞെടുപ്പ് തന്ത്രം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന ആയുധം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

” കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ബി.ജെ.പിയും നരേന്ദ്രമോദിയും നല്‍കിയ പാഴ് വാഗ്ദാനങ്ങള്‍ സര്‍ച്ചു ചെയ്യാന്‍ പറയുന്നത് ഒന്നാലോചിച്ചു നോക്കിയേ. മോദിയുടെ കബളിപ്പിക്കല്‍ ഇതിലും എളുപ്പം തുറന്നുകാട്ടാനാവില്ല.” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: ‘ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറും’ അന്ത്യശാസനവുമായി രാജസ്ഥാനിലെ ദളിതര്‍


ഇതിനൊപ്പം മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെ ക്രോഡീകരിച്ചുകൊണ്ട് ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കാനും അത് ജനങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്.

“പൊതുറാലികളിലും പരിപാടികളിലും ഓഡിയോയും വീഡിയോയും പ്ലേ ചെയ്യുന്നത് ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിക്കും. മോദിയും ബി.ജെ.പിയും പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കുന്നതിനു പകരം വീഡിയോ പ്ലേ ചെയ്യുന്നത് കൂടുതല്‍ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായകരമാകുകയും ചെയ്യും.” എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പൊതുറാലികളിലും മറ്റും ജനങ്ങളോട് ഇത്തരത്തില്‍ മോദിയും ബി.ജെ.പിയും നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ച്ചു ചെയ്യാന്‍ ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

തൊഴില്‍, സമ്പദ് വ്യവസ്ഥ, കൃഷി, അടിസ്ഥാന സൗകര്യവികസനം, സാമുദായിക ഐക്യം, അഴിമതി, കള്ളപ്പണം എന്നീ വിഷയങ്ങളില്‍ മോദി നല്‍കിയ വാഗ്ദാനങ്ങളാണ് സര്‍ച്ചു ചെയ്യാന്‍ ആവശ്യപ്പെടുക. കള്ളപ്പണം തിരികെയെത്തിക്കുമെന്നും 15ലക്ഷം രൂപ എല്ലാ പൗരന്മാരുടെയും ബാങ്ക് അക്കൗണ്ടില്‍ വരുമെന്നുമുള്ള വാഗ്ദാനവും ഇക്കൂട്ടത്തില്‍പ്പെടും.


Must Read:ത്രിപുരയിലെ മുസ്ലീങ്ങളെ നിര്‍ത്തി ദേശീയത തെളിയിക്കാനാവശ്യപ്പെട്ട് വി.എച്ച്.പിയുടെ റാലി: റാലി നടത്തിയത് ആയുധങ്ങളുയര്‍ത്തിക്കൊണ്ട്


ഈ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാര്‍ പാലിച്ചോയെന്ന് ജനങ്ങളോടു തന്നെ ചോദിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബി.ജെ.പിയേയും മോദിയേയും തുറന്നുകാട്ടാന്‍ ഇതിലും വലിയ പദ്ധതിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു.

വോട്ടര്‍മാരെയും രാഷ്ട്രീയക്കാരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ കണ്ണിയാണ് മൊബൈല്‍ ഫോണെന്ന് 2017 മാര്‍ച്ചില്‍ മോദി പറഞ്ഞിരുന്നു. ജനങ്ങളുമായി തുടര്‍ച്ചയായി ബന്ധം സൂക്ഷിക്കാന്‍ വലിയ തോതില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ എം.പിമാരോട് മോദി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം