ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ‘പ്രജാധ്വനി യാത്ര’ക്ക് തുടക്കമിട്ട് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘം വടക്കൻ കർണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലും ശിവകുമാർ തെക്കൻ ജില്ലകളിലും പര്യടനം നടത്തും.
ബിദാർ ജില്ലയിലെ ബസവകല്യാണിൽ നിന്നാണ് സിദ്ധരാമയ്യയുടെ നേത്വത്തിലുള്ള സംഘം യാത്ര പുറപ്പെട്ടത്.
നേരത്തെ കെ.ആർ പുരത്ത് ശിവകുമാറിന്റെ വാഹനവ്യൂഹത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ വീഡിയോയും ശിവകുമാർ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
ശ്രീനഗറിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുൽ സമാപന സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
പദയാത്രയുടെ സമാപനത്തിൽ പ്രതിപക്ഷ നിരയിലെ പാർട്ടി നേതാക്കൾ പങ്കെടുത്തു. കശ്മീരിലെ നേതാക്കളായ ഫാറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാപന സമ്മേളനത്തിൽ സംസാരിച്ചു.
136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പര്യവസാനിച്ചത്.
Content Highlight: Congress to start prajadwani yatra in karnataka after the success of bharat jodo yatra