ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
national news
ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 3:37 pm

ന്യൂദല്‍ഹി: രാജ്യത്ത് ക്രമാതീതമായി ഉയരുന്ന ഇന്ധന വിലവര്‍ധനവിനും, തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, രാജ് ഭവന്‍ തുടങ്ങിയവ ഉപരോധിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ഉപരോധത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കൂട്ടമായി അറസ്റ്റിന് തയ്യാറാകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

തദ്ദേശ തലം മുതല്‍ ജില്ലാതലം വരെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളെല്ലാം അവര്‍ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കുകയും കൂട്ടത്തോടെ അറസ്റ്റ് വരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

പി.സി.സി നേതൃത്വത്തില്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ രാജ് ഭവന്‍ ഉപരോധിക്കും. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളുള്‍പ്പെടെ എല്ലാവരും ഉപരോധത്തില്‍ പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്നായിരിക്കും പ്രതിഷേധം ആരംഭിക്കുക. പിന്നീട് രാഷ്ട്രപതി ഭവന്‍ ഉപരോധിക്കും.

പാര്‍ലമെന്റില്‍ നിന്ന് പ്രതിഷേധമാരംഭിച്ച് രാഷ്ട്രപതി ഭവന്‍ ഉപരോധിക്കും. രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധം സംഘടിപ്പിക്കും. സംസ്ഥാന തലത്തിലും ജില്ലാ തദ്ദേശ തലങ്ങളിലും എല്ലാ പി.സി.സികളും യോഗം ചേരണം.

പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ജൂലൈ 18നായിരുന്നു പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.

ഇന്ധനവില വര്‍ധന, ജി.എസ്.ടി നിരക്ക് വര്‍ധന, ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സംവാദം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച എന്ന് നടത്തുമെന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചിരുന്നില്ല.

പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് 27 എം.പിമാരാണ് ഇതുവരെ സസ്പെന്‍ഷനിലായത്.

Content Highlight: Congress to protest against the hike in gst, joblessness and petroleum price hike says will accept even if arrested in group