| Thursday, 30th May 2019, 1:56 pm

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മലയാളം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം; കേരള നേതാക്കള്‍ക്ക് ഇളവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരുമാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇളവ്. മലയാളം വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് അനുമതി നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെയാണ് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കേണ്ടെന്ന് തീരുമാനം അറിയിച്ചത്. ‘ ഒരുമാസത്തേക്ക് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.’ സുര്‍ജേവാല ട്വീറ്റു ചെയ്തു. കമ്മ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പാര്‍ട്ടി വക്താക്കളെ സംവാദത്തിന് ക്ഷണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ കോണ്‍ഗ്രസ് പ്രതിനിധികളെ തങ്ങളുടെ പരിപാടികളില്‍ കൊണ്ടുവരരുതെന്ന് എല്ലാ മാധ്യമ ചാനലുകളോടും എഡിറ്റര്‍മാരോടും അപേക്ഷിക്കുന്നു.’ എന്നും ട്വീറ്റില്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

രാഹുലിനെ അനുനയിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ല. ഇന്നലെ രാഹുലിന്റെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തുകയും ചിലര്‍ നിരാഹാരമിരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more