| Saturday, 25th July 2020, 7:32 pm

'സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി'; അട്ടിമറിയില്‍ ബി.ജെ.പിയെ കുരുക്കാന്‍ കോണ്‍ഗ്രസിന്റെ പുതിയ അടവുനയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ‘സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിക്കുകയാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി വേണുഗോപാല്‍ ട്വീറ്റിലൂടെ അറിയിച്ചു.

‘നെറികെട്ട രാഷ്ട്രീയത്തിനായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനും ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്യാനുമുള്ള ബി.ജെ.പിയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രതിഷേധം ആരംഭിക്കുകയാണ്. സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ ജൂലൈ 26 മുതല്‍ ക്യാമ്പയിന്‍ തുടങ്ങും. ജനാധിപത്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഇതിനൊപ്പം നില്‍ക്കണം’, കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജൂലൈ 27ന് രാജ് ഭവന് മുന്നില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍ പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് മുഖ്യന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് എം.എല്‍.എമാര്‍ക്കും ഗെലോട്ട് നിര്‍ദേശം നല്‍കി. എന്തിനും തയ്യാറാകാനാണ് ഗെലോട്ടിന്റെ നിര്‍ദേശം.

രാജ്ഭവന് മുന്നില്‍ വേണ്ടി വന്നാല്‍ നമ്മള്‍ 21 ദിവസം ധര്‍ണ നടത്തും. ആവശ്യം വന്നാല്‍ അത് നടത്തിയേ തീരൂ. നമ്മള്‍ അവിടെ ഇരിക്കും’ ഗെലോട്ട് പറഞ്ഞു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗെലോട്ട്. രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കവുമായി ഗെലോട്ട് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more