ന്യൂദല്‍ഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, പാക്ക്ഡ് ഭക്ഷണങ്ങളുടെ ജി.എസ്.ടി എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്.
ഓഗസ്റ്റ് 17 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമരപരിപാടികള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഓഗസ്റ്റ് 17 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധറാലി സീരീസില്‍ കാര്‍ഷിക റീട്ടെയ്ല്‍ മാര്‍ക്കറ്റുകളടക്കം ഉള്‍പ്പെടുമെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഓഗസ്റ്റ് 28ന് സമരപരിപാടികള്‍ അവസാനിപ്പിക്കും.
കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയുമുള്ള ജയ്‌റാം രമേശാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
നേരത്തെ ഓഗസ്റ്റ് അഞ്ചിന് സമാനമായ രീതിയില്‍ വിലക്കയറ്റത്തിനും ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്യവ്യാപക സമരം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു വിലക്കയറ്റത്തിനെതിരായി രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധസമരം നടത്തിയത്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തുണ്ടാകുന്ന വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ‘ചലോ രാഷ്ട്രപതി ഭവന്‍’ മാര്‍ച്ചും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് ദല്‍ഹി പൊലീസ് അനുമതി നിഷേധിക്കുകയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതേസമയം കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍മന്ത്രവാദം (Black Magic) എന്നുവിളിച്ച് പരിഹസിച്ചിരുന്നു. ഇതിനെതിരായ പ്രതികരണവും ജയ്‌റാം രമേശ് പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.
”നിയമാനുസൃതമായ പ്രതിഷേധത്തെ ബ്ലാക്ക് മാജിക്കാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
സാമ്പത്തിക കെടുകാര്യസ്ഥത മൂലം മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. അവശ്യ സാധനങ്ങളുടെ ഉയര്‍ന്ന നികുതിയാണ് പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നത്.