|

'ഞാന്‍ മാത്രമല്ല, അവനും ഉണ്ട്...'; ജി.എസ്.ടി നടപ്പാക്കിയതില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി; കോണ്‍ഗ്രസ് ഇപ്പോള്‍ നുണകള്‍ പറയുകയാണെന്നും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ജി.എസ്.ടി നടപ്പിലാക്കിയതില്‍ കോണ്‍ഗ്രസിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ബി.ജെ.പിയുടെ റാലിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന. ജി.എസ്.ടിയെ കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ നുണകള്‍ പറയുകയാണെന്നും മോദി പറയുന്നു.

ജി.എസ്.ടി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം ആയിരക്കണക്കിന് വ്യവസായികള്‍ ജി.എസ്.ടി പ്രകാരം രജിസ്റ്റര്‍ ചെയ്തതായും മോദി അവകാശപ്പെടുന്നു.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് പ്രധാനമന്ത്രി മോദിയുടെ ഗൗരവ് യാത്ര. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തിയ റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also Read: ‘ചുമ്മാ വന്ന് ചൂഴ്‌ന്നെടുത്ത് പോണം ചേച്ചീ…’; കണ്ണിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി സരോജ് പാണ്ഡയെ വെല്ലുവിളിച്ച് മലയാളികള്‍


ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നു എക്കാലവും ഗുജറാത്തെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് കുടുംബത്തെ മാത്രമാണ് നോക്കുന്നതെന്നും തങ്ങള്‍ക്ക് രാജ്യമാണ് വലുതെന്നും മോദി പറഞ്ഞു. “ഒരു കുടുംബത്തെ രക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് അജണ്ട. അവര്‍ക്ക് രാജ്യത്തെക്കുറിച്ച് ചിന്തയില്ല. എന്നാല്‍ തങ്ങള്‍ക്ക് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണ്.

കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. രാജ്യത്തിന് നിരവധി മുഖ്യമന്ത്രിമാരെയും നേതാക്കളെയും സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ നുണപ്രചരണത്തില്‍ മാത്രമാണ് അവരുശട ശ്രദ്ധ. നൈരാശ്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും മോദി കുറ്റപ്പെടുത്തി.

Latest Stories