ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കര്‍ഷകരുടെ വിജയം രാജ്യമെമ്പാടും ആഘോഷിക്കാന്‍ കോണ്‍ഗ്രസ്. ശനിയാഴ്ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും, വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി കര്‍ഷകസമരത്തിനിടയില്‍ മരിച്ച 700 ലധികം കര്‍ഷകരുടെ കുടുംബങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. ഇവര്‍ക്കായി മെഴുകുതിരി കത്തിച്ചുള്ള റാലികളും സംഘടിപ്പിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ജില്ലാ തലത്തിലും ബ്ലോക് തലത്തിലും റാലികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാന ഘടകങ്ങളോടും ആവശ്യപ്പെട്ടു.
ഇതൊരു ചരിത്രവിജയമായി വീക്ഷിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കയച്ച കത്തില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഗുരുനാനാക് ജയന്തി ദിവസമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതായി മോദി പ്രഖ്യാപിച്ചത്. കര്‍ഷകരോട് ക്ഷമ ചോദിച്ച മോദി കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല എന്നും പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനല്ല വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയനങ്ങള്‍ പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മോദി പ്രഖ്യാപിച്ചെങ്കിലും പാര്‍ലമെന്റിലെ നടപടിക്രമങ്ങളിലൂടെ ഔദ്യോഗികമായി പിന്‍വലിച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന് സമരനേതാക്കള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പാര്‍ലമെന്റ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. കര്‍ഷകരുടെ ക്ഷേമം ഉദ്ദേശിച്ചാണ് നിയമങ്ങളെന്ന് കേന്ദ്രം വാദിച്ചെങ്കിലും നിയമങ്ങള്‍ സഹായകരമാകുന്നത് കോര്‍പറേറ്റുകള്‍ക്കാണ് എന്ന വാദിച്ചു കൊണ്ട് കര്‍ഷകരും സമരരംഗത്തേക്കിറങ്ങുകയായിരുന്നു.
ആദ്യം കര്‍ഷകസമരം പഞ്ചാബിലും ഹരിയാനയിലും ഒതുങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ദല്‍ഹി ചലോ മാര്‍ച്ചോടെ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്കെത്തുകയായിരുന്നു. കര്‍ഷകരുമായി കേന്ദ്രം നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് കര്‍ഷകര്‍ തീര്‍ത്ത് പയുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress to celebrate withdrawal of farm laws through ‘Kisan Vijay Divas’