യുവാക്കള്‍ ജോലി തേടി അലയുമ്പോള്‍ പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്ന തിരക്കിലാണ്; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. 45 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതെന്നും കോണ്‍ഗ്രസ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയുമാണ് ഭാരത് ജോഡോ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കി പത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മയെന്നും ഭാരത് ജോഡോ യാത്ര അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞു.
വിദ്വേഷം നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രായത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ലെന്നും ഭാരതത്തെ നശിപ്പിക്കാന്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഉറപ്പാണ് കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര. രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയാത്തിടത്തോളം കാലം ബി.ജെ.പിക്ക് നാടിന് പുരോഗതിയുണ്ടാക്കാന്‍ സാധിക്കില്ല. വിദ്വേഷവും പുരോഗതിയും തമ്മിലുള്ള ബന്ധം മനസിലാക്കുകയാണ് പ്രാഥമികമായി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. യുവതയാണ് നമ്മുടെ ശക്തി. യുവാക്കളുടെ ഊര്‍ജം ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെട്ടാല്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കും.
45വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വിദ്യാസമ്പന്നരായ യുവാക്കള്‍ പോലും തൊഴില്‍ തേടി അലയുകയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലാവര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ മോദി പ്രതിമകള്‍ അനാച്ഛാദനം ചെയ്യുന്ന തിരക്കിലാണ്. യുവാക്കള്‍ ജോലി തേടി തെരുവില്‍ അലയുകയാണ്. അവരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ഒരു വിലയും കൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Congress to celebrate modi’s birthday as unemployment day3