ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങളെ കുറിച്ച് ബി.ജെ.പി നേതാവ് അമിത് മാളവ്യ നടത്തിയ നിന്ദ്യമായ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യടുഡേയുടെ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്.
അമിത് മാളവ്യയുടെ പരാമര്‍ശം ചോദ്യം ചെയ്യാന്‍ അവതാരകന്‍ തയ്യാറാവാതിരുന്നതോടെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാളിന്റെ ഇന്ത്യാ ടുഡേ ചാനലിലെ ചർച്ച ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് അവര്‍ എടുത്ത രാഷ്ട്രീയ തീരുമാനങ്ങളെ തുടര്‍ന്നാണെന്നാണ് അമിത് മാളവ്യ തിങ്കളാഴ്ച ചര്‍ച്ചയില്‍ പറഞ്ഞത്. ട്രംപിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ നേതാക്കള്‍ക്ക് നേരെ നടന്നിട്ടുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അമിത് മാളവ്യയുടെ പരാമര്‍ശം.
മാളവ്യയുടെ പരാമര്‍ശം അവതാരകന്‍ ചോദ്യം ചെയ്തില്ലെന്നും പിന്നീട് ഈ പരാമര്‍ശങ്ങള്‍ അവതാരകന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തി.
ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരുടെയും മറ്റ് മഹത്തായ നേതാക്കളുടെയും രക്തസാക്ഷിത്വത്തെ ഇകഴ്ത്തിക്കൊണ്ടുള്ള ബി.ജെ.പി വക്താവ് അമിത് മാളവ്യ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അതേപടി അവതാരകന്‍ എക്‌സില്‍ പങ്കുവെച്ചു. ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വേണ്ടി പങ്കെടുത്ത പ്രതിനിധിയുടെ വാദം കേള്‍ക്കാന്‍ പോലും അവതാരകന്‍ തയ്യാറായില്ല.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അര്‍ത്ഥം ചിലര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress to boycott Rahul Kanwal’s TV show after comments by BJP’s Amit Malviya on leaders’ killings