ശ്രീനഗര്‍: ജമ്മുകശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി
കോണ്‍ഗ്രസ്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിതിന് പിന്നാലെ നേതാക്കളെ തടങ്കലിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞങ്ങള്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല. നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ പാര്‍ട്ടികള്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണമെന്നും’ കോണ്‍ഗ്രസ് മേധാവി ജി.എ മിര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരണകൂടം നേതാക്കളെ തടങ്കലില്‍ നിന്ന് മോചിപ്പിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും മിര്‍ വ്യക്തമാക്കി.
‘ഒരു പാര്‍ട്ടിയുടെ വിജയത്തിന് മാത്രമാണ് ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് സുരക്ഷപോലും നല്‍കുന്നില്ല’ മിര്‍ പറഞ്ഞു.
ഒക്ടോബര്‍ 24 നാണ് ജമ്മുകശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഇവരെ ഘട്ടം ഘട്ടമായി വിട്ടയക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടം വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ