| Tuesday, 1st March 2016, 9:53 pm

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം: ബംഗാളില്‍ ഇടതുമുന്നണി വിടുമെന്ന് ആര്‍.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടുമെന്ന് ആര്‍.എസ്.പി. സഖ്യം സംബന്ധിച്ച് എതിര്‍പ്പ് അറിയിച്ച് കൊണ്ട് ആര്‍.എസ്.പി നേതാക്കള്‍ സി.പി.ഐ.എം നേതാക്കളെ കണ്ടു. കോണ്‍ഗ്രസ് സഖ്യം മുന്നണിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. അച്ചടക്കം കരുതിയാണ് എതിര്‍പ്പ് ഉന്നയിക്കാതിരുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടെന്നും ജനങ്ങളോട് വിശദീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ആര്‍.എസ്.പി ബംഗാള്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

സഖ്യം സംബന്ധിച്ച് തങ്ങളോട് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും അഭിപ്രായം പറയുന്നത് വിലക്കിയിരിക്കുകയാണെന്നും ക്ഷിതിഗോസ്വാമി ആരോപിച്ചു. മുന്നണിക്കകത്ത് തുടരണമെന്ന് നിര്‍ബന്ധമില്ലെന്നും പുറത്തു വന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മുന്‍ മന്ത്രികൂടിയായ ക്ഷിതി ഗോസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിന് സി.പി.ഐ.എമ്മിന് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യം ആര്‍.എസ്.പിയെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും ക്ഷിതി പറഞ്ഞു.

ബംഗാളില്‍ തൃണമൂലിനെ താഴെയിറക്കാന്‍ ജനാധിപത്യ-മതേതര ശക്തികള്‍ അധികാരത്തില്‍ വരണമെന്നും എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുമോയെന്നത് വ്യക്തമാവേണ്ടതുണ്ടെന്നും ക്ഷിതി ഗോസ്വാമി പറഞ്ഞു.

അടുത്ത് തന്നെ നടക്കാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ ഇടതു-കോണ്‍ഗ്രസ് സഖ്യത്തം ഉണ്ടായേക്കുമെന്നതിന്റെ സൂചനകള്‍ വരുന്ന സാഹചര്യത്തിലാണ് പരസ്യ എതിര്‍പ്പുമായി ആര്‍.എസ്.പി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് തങ്ങളുമായി ആലോചിച്ചില്ലെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവായ ഗുരുദാസ് ദാസ് ഗുപ്തയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more