മഹാരാഷ്ട്രയില്‍ 'സൂപ്പര്‍ 75'വുമായി കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസിന് വെല്ലുവിളി
Maharashtra
മഹാരാഷ്ട്രയില്‍ 'സൂപ്പര്‍ 75'വുമായി കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസിന് വെല്ലുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2019, 11:02 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം വീണ്ടും ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ് സഹയാത്രികരും നിരീക്ഷരും ചൂണ്ടിക്കാട്ടിയ കാര്യമാണ് യുവരക്തങ്ങള്‍ പാര്‍ട്ടിയെ നയിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നത്. ഈ നിര്‍ദേശങ്ങളില്‍ നിന്ന് പഠിച്ചിട്ടാണോ അല്ലയോ എന്നറിയില്ല, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് യുവജനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ 75 സീറ്റുകളുടെ ഉത്തരവാദിത്വം സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണ്.

‘സൂപ്പര്‍ 75’ ആണ് ഇത് ഞങ്ങള്‍ക്ക്. നേരത്തെ തന്നെ 65 സീറ്റുകളുടെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ മുംബൈയിലെ 15 സീറ്റുകളുടെ ഉത്തരവാദിത്വം കൂടി നല്‍കിയിരിക്കുകയാണ്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ മുതല്‍ പ്രാദേശിക സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ വരെ, സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ നടത്തും- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സത്യജിത്ത് തംബെ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 10-15 സീറ്റുകളില്‍ കോണ്‍ഗ്രസ് 1000ന് താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഈ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് പ്രവര്‍ത്തിക്കുമെന്നും സത്യജിത്ത് തംബെ പറഞ്ഞു.

ആറ് തല പ്രവര്‍ത്തന പദ്ധതിയാണ് യൂത്ത് കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 28 മുതല്‍ യൂത്ത് മാനിഫെസ്‌റ്റോ തയ്യാറാക്കി കോളേജുകളിലും സര്‍വ്വകലാശാലകളിലും യൂത്ത് ക്യാമ്പുകളിലും എത്താനാണ് സംഘടന ഉദ്ദേശം.