ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് നന്ദിയറിയിച്ച് കോണ്‍ഗ്രസ്. നെഹ്‌റു ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു യോഗയെ ജനകീയമാക്കിയതിന് കോണ്‍ഗ്രസ് അദ്ദേഹത്തിന് നന്ദിയറിയിച്ചത്.
‘ ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയെ ജനകീയമാക്കിയതിനും ദേശീയ നയത്തിന്റെ ഭാഗമാക്കിയതിനും നെഹ്‌റുവിന് ഞങ്ങള്‍ നന്ദിയറിയിക്കുന്നു. നമ്മുടെ പ്രാചീന കലകളുടേയും തത്വചിന്തകളുടേയും പ്രാധാന്യത്തെ വിലമതിക്കേണ്ടതുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി അവ നമ്മുടെ ജീവിതത്തിലേക്ക് കൂടി പകര്‍ത്താന്‍ ശ്രമിക്കാം. ‘ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, യോഗയെ ജനകീയമാക്കിയതിലും പുനരുജ്ജീവിപ്പിച്ചതിനും കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ യോഗയെ ജനകീയമാക്കുകയും നവീകരിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നമ്മള്‍ അംഗീകരിക്കണം,’ എന്നായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് തരൂരിന്റെ ട്വീറ്റ്. ‘ കാലങ്ങളായി ഞാന്‍ വാദിക്കുന്നത് പോലെ ലോകമെമ്പാടുമുള്ള നമ്മുടെ ശക്തിയുടെ ഭാഗമാണ് യോഗ. അത് അംഗീകരിക്കപ്പെട്ട് കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന് കരുതി കോണ്‍ഗ്രസ് സംതൃപ്തരായി ഇരിക്കരുതെന്ന മുന്നറിയിപ്പ് തരൂര്‍ നല്‍കിയിരുന്നു. ഒരു സംസ്ഥാനത്ത് ഇത് പ്രാവര്‍ത്തികമായി എന്നതിനാല്‍ ദേശീയതലത്തില്‍ ഇത് പ്രാവര്‍ത്തികമാകണമെന്നില്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നെന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ല്‍ യു.എന്‍ അസംബ്ലിയില്‍ യോഗ ദിനം എന്ന ആശയം മുന്നോട്ട് വെച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2015 ജൂണ്‍ 21ന് ആദ്യമായി യോഗ ദിനം ആചരിക്കപ്പെട്ടു. പിന്നീട് ഇത് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ആരംഭിച്ചു.
വസുധൈവ കുടുംബത്തിന് യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗ പ്രമേയം. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ യോഗ ചെയ്തിരുന്നു. ഐ.എന്‍.എസ് വിക്രാന്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗദിന പരിപാടിയില്‍ പങ്കെടുത്തു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസില്‍ പോയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ ആസ്ഥാനത്ത് വെച്ച് യോഗ ചെയ്തു. ഇന്ത്യക്കാര്‍ എപ്പോഴും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാജ്യത്തെ വൈവിധ്യങ്ങളെ ആഘോഷിക്കാറുണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ മോദി പറഞ്ഞു.
Content Highlight: Congress thanked nehru for popularising yoga: Sasi tharoor credited centre goverment too