റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് കടക്ക് പുറത്തെന്ന് കോണ്‍ഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്ത് ശശി തരൂരിന്റെ വാര്‍ത്തസമ്മേളനത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പൊട്ടിത്തെറിച്ച് അര്‍ണബ്, വീഡിയോ
India
റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് കടക്ക് പുറത്തെന്ന് കോണ്‍ഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്ത് ശശി തരൂരിന്റെ വാര്‍ത്തസമ്മേളനത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പൊട്ടിത്തെറിച്ച് അര്‍ണബ്, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2017, 8:00 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് ശശി തരൂര്‍ എം.പി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പുറത്താക്കിയത്.

കോണ്‍ഗ്രസിന്റെ സംഘടന കാര്യങ്ങള്‍ വ്യക്തമാക്കാനായിരുന്നു എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംഘം അകത്തേക്ക് കടക്കവെ ഇവരെ അകത്ത് പ്രവേശിപ്പിക്കാതെ ഇറക്കിവിടുകയായിരുന്നു.


Also Read:  ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; റിമാ കല്ലിങ്കലിനെതിരെ കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി 


തുടര്‍ന്ന് പ്രകോപിതരായ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചെന്ന് വിശദമാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതെ വന്നതോടെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് പുറത്തു നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

സംഭവത്തില്‍ റിപ്പബ്ലിക് ചാനല്‍ മേധാവിയായ അര്‍ണാബ് ഗോസ്വാമി പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളത്തില്‍ നിന്നും എന്തുകൊണ്ട് പുറത്താക്കി എന്ന് വ്യക്തമാക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്ന് അര്‍ണാബ് പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായാണ് ഇത്തരത്തിലൊരു നടപടിയെന്നും ഗോസ്വാമി ആരോപിച്ചു.