തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യം; രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തം
national news
തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യം; രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 8:02 pm

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസും, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും സി.പി.ഐയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. ചന്ദ്രശേഖരറാവു സര്‍ക്കാര്‍ രാജിവെച്ചതിനു ശേഷമാണ് പുതിയ സഖ്യം രൂപീകരിച്ചത്.

സഖ്യ രൂപീകരണത്തിന് ശേഷം മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കള്‍ ഹൈദരാബാദിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖരറാവു തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും സംസ്ഥാനത്തെ നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.


സാധാരണഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്. എന്നാല്‍ ഒരു വര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ രാജിവയ്ക്കുകയായിരുന്നു.

രാജിവച്ച ശേഷം കോണ്‍ഗ്രസിനെതിരെ അതിരൂക്ഷവിമര്‍ശനം ഉയര്‍ത്തിയ തെലങ്കാന രാഷ്ട്രസമിതി നേതാവുകൂടിയായ ചന്ദ്രശേഖരറാവു ബി.ജെ.പിയെക്കുറിച്ച് മൗനം പാലിക്കുകയാണ്.