| Wednesday, 19th August 2015, 3:29 pm

വ്യാപം അഴിമതി ഉയര്‍ത്തിക്കൊണ്ടു വന്ന് മധ്യപ്രദേശിനെ കോണ്‍ഗ്രസ് നാണംകെടുത്തി: ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: വ്യാപം അഴിമതി ഉയര്‍ത്തിക്കൊണ്ടു വന്ന് മധ്യപ്രദേശിനെ ദേശീയതലത്തിലും ആഗോളതലത്തിലും കോണ്‍ഗ്രസ് നാണം കെടുത്തിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിക്കുന്നു. ” കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വ്യാപം അഴിമതിയിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും മധ്യപ്രദേശിനെ നാണം കെടുത്തിയതില്‍ ഞാന്‍ തീര്‍ത്തും അസ്വസ്ഥനാണ്” ചൗഹാന്‍ പറയുന്നു.

വ്യാപം അഴിമതിയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സത്യസന്ധതയാണ് തന്റെ പോളിസിയെന്നും ചൗഹാന്‍ പറഞ്ഞു. ” എന്റെ കടമകള്‍ സത്യസന്ധമായാണ് ഞാന്‍ നിര്‍വ്വഹിക്കുന്നത്. സത്യത്തിലാണ് ഞാന്‍ ഉറച്ച് നില്‍ക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് മുഖ്യമന്ത്രി. ഈ തത്വങ്ങള്‍ നിഷ്ഠയോടെയാണ് ഞാന്‍ പിന്തുടരുന്നത്.” തനിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളി ചൗഹാന്‍ പറഞ്ഞു. ചൗഹാന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി മൂന്ന് മാസം കൂടിയേബാക്കിയുള്ളു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നടന്ന നിയമനങ്ങളിലെ ക്രമക്കേടുകളില്‍ കടുത്ത ആരോപണങ്ങള്‍ നേരിടുകയാണ് ചൗഹാന്‍. പ്രത്യേകിച്ചും മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) നടത്തിയ പ്രി മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളില്‍. കോടിക്കണക്കിന് രൂപയുടേയും ബന്ധപ്പട്ട ആളുകളുടെ എണ്ണത്തിന്റെ ബാഹുല്യത്താലും ഇന്ത്യകണ്ട ഏറ്റവും വലിയ ആസൂത്രിത അഴിമതികളിലൊന്നാണ് വ്യാപം.

തട്ടിപ്പുമായി ബന്ധപ്പെട്ടവരും സാക്ഷികളുമായവര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെ അത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും വ്യാപം കുംഭകോണത്തിന് ദേശീയതലത്തില്‍ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും ചെയ്തതോടെ ചൗഹാന് നേര്‍ക്കുള്ള ആരോപണങ്ങള്‍ ശക്തി പ്രാപിക്കുകയായിയരുന്നു. പ്രതിപക്ഷം ശക്തമായി രാജി ആവശ്യപ്പെടുന്നുണ്ടെങ്കിലും. ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിച്ച് അധികാരത്തില്‍ തുടരുകയാണ് ചൗഹാന്‍.

സി.ബി.ഐ അന്വേഷണം കഴിയുമ്പോള്‍ സത്യം പുറത്ത് വരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന പറഞ്ഞ ചൗഹാന്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കോണ്‍ഗ്രസിന് നേരെ തിരിച്ച് പ്രയോഗിക്കുകയും ചെയ്യുന്നു.

2005 നവംബര്‍ 29ന് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ വ്യാപം വഴി നടന്ന നിയമനങ്ങളും പ്രവേശനങ്ങളും സുതാര്യമാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മുമ്പ് കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്ത് അധികാരത്തിലിരിക്കുന്നവര്‍ നല്‍കുന്ന കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ റിക്രൂട്ട്‌മെന്റുകള്‍ നടന്നിരുന്നത്. അതിന്റെ ഫലമായി കഴിവുള്ള ആളുകള്‍ പുറംതള്ളപ്പെട്ടു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അനധികൃതമായാണ് നിയമനങ്ങള്‍ നടന്നിരുന്നത്. ചൗഹാന്‍ ആരോപിക്കുന്നു. ഇത് ഇല്ലാതാക്കി നിയമനങ്ങളെ കൂടുതല്‍ സുതാര്യമാക്കുകയാണ് വ്യാപത്തിലൂടെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും മധ്യപ്രദേശിന്റെ പ്രതിച്ഛായ നശിപ്പിക്കുവാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ അവര്‍ അനുവദിക്കില്ലെന്നും. തന്റെ കുടുംബത്തിന് മേല്‍ ആരോപണങ്ങളുയര്‍ത്തുന്നതില്‍ വിഷമമുണ്ടെന്നും അധികാരത്തില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചൗഹാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more