ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം വിധി പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വിധി കോണ്‍ഗ്രസ് സത്യസന്ധതയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് പോലെ ആഘോഷിക്കുകയാണെന്നും എന്നാല്‍ വിധി കോണ്‍ഗ്രസിന് ക്ലീന്‍ ചീറ്റ് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2 ജി കേസില്‍ കോടതി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലിയുടെ വിമര്‍ശനം. “ചിലര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതിന് വേണ്ടിയാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം അനുവദിക്കാനുള്ള നടപടി യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരെ സുപ്രീം കോടതി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 2 ജി നയം സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്നും പുതിയ നയം കൊണ്ടുവരണമെന്ന് കോടതി ആവശ്യപ്പെട്ടതായിരുന്നു” ജയ്റ്റ്ലി പറഞ്ഞു.
2 ജി സ്പെക്ട്രം കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നത്. ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി ബി ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്‌നിയായിരുന്നു വിധി പുറപ്പെടുവിച്ചത്.
മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരെയുള്‍പ്പെടെയായിരുന്നു കോടതി വെറുതെ വിട്ടത്.
2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.