ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ്. ഉക്രൈൻ യാത്രക്ക് മുമ്പോ അതിന് ശേഷമോ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി കലാപത്തിൽ തകർന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കൊപ്പമാണ് നിതി ആയോഗ് യോഗത്തിൽ പങ്കെടുത്തത്. ഉക്രൈൻ യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നോ എന്ന് ജയറാം രമേശ് ചോദിച്ചു.
“മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്. 2023 മെയ് മൂന്നിന് കത്തിത്തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നോ? ഉക്രൈൻ യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ ബിരേൻ സിങ് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടോ,“ ജയറാം രമേശ് ചോദിച്ചു.
മെയ്തേയ്, കുക്കി സമുദായങ്ങൾ ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെ കോൺഗ്രസ് നേരത്തെയും വിമർശിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി ഉക്രൈൻ സന്ദർശിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെത്തിയതിന് പിന്നാലെ മോദി ആദ്യം സന്ദർശിച്ച രാജ്യം റഷ്യ ആയിരുന്നു. ഇത് സമാധാന ശ്രമങ്ങൾക്കുള്ള വിനാശകരമായ പ്രഹരമാണെന്നാണ് ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അന്ന് പ്രതികരിച്ചത്.
ഉക്രൈനിൽ യുദ്ധം തുടരുമ്പോഴും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നത് പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു. കൂടാതെ, ഐക്യരാഷ്ട്രസഭയിൽ റഷ്യയ്‌ക്കെതിരായ പ്രമേയങ്ങളിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ പലതവണ വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Congress takes aim at PM Narendra Modi over proposed Ukraine visit: ‘Going to Manipur before or after?’