മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണകക്ഷിയ ബി.ജെ.പിയ്ക്ക് വന്‍പരാജയം. ഫലം പുറത്തുവന്ന 73 സീറ്റുകളില്‍ കോണ്‍ഗ്രസ് 67 ലും വിജയിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് വെറും നാലു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
തങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന അഞ്ച് സീറ്റുകളില്‍കൂടി പാര്‍ട്ടി വിജയിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് ആശോക് ചവാന്‍ പറഞ്ഞു. ആകെ 81 സീറ്റുകളാണ് നന്ദേഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലുള്ളത്. ബുധനാഴ്ചയായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അശോക് ചവാന്റെ തട്ടകമാണ് നന്ദേഡ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അശോക് ചവാനുമായിരുന്നു കോണ്‍ഗ്രസിനായി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് നന്ദേഡയില്‍ ആരംഭിക്കുകയാണെന്ന് ചവാന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തവണ 81 സീറ്റില്‍ 41 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരണം നേടിയതെങ്കില്‍ ഇത്തവണ വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയത്. വി.വി.പാറ്റ് ഉപയോഗിച്ച് സംസ്ഥാനത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് നന്ദേഡിലേത്.