വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹ്മദിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
പാറ്റ്ന: വിമത സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹ്മദിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറു വര്‍ഷത്തേയ്ക്കാണ് സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എം.പി കൂടിയായ ഷക്കീല്‍ അഹ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബീഹാറിലെ മധുബാനി ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാണ് നടപടിക്ക് കാരണം. ഇത് പാര്‍ട്ടി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍.
ഷക്കീല്‍ അഹ്മദിനെ പിന്തുണച്ച ബെനിപറ്റി എം.എല്‍.എ ഭാവന ജായേയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം, അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മധുബാനിയില്‍ നിന്നും ഷക്കീല്‍ അഹ്മദ് ജനവിധി തേടുന്നത്. മധുബാനിയില്‍ നിന്നും താന്‍ ഒറ്റക്കല്ല പോരാടുന്നതെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പിന്തുണ തനിക്കുണ്ടെന്നും ഉറപ്പായും വിജയിക്കുമെന്നും ഷക്കീല്‍ അഹ്മദ് പറഞ്ഞു.
മധുബാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഷക്കീല്‍ അഹ്മദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന ഔദ്യോഗിക അറിയിപ്പിനെ തുടര്‍ന്ന് ഷക്കീല്‍ അഹ്മദ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു.
ഷക്കീല്‍ അഹ്മദിന് സീറ്റ് നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ തന്നെ നിലകൊള്ളുമെന്നായിരുന്നു ഷക്കീല്‍ അഹ്മദിന്റെ പ്രതികരണം.