| Friday, 31st January 2020, 8:05 pm

ദല്‍ഹി തെരഞ്ഞെടുപ്പ്: മുന്‍ എം.പി മഹബാല്‍ മിശ്രയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി മുന്‍ എം.പി മഹബാല്‍ മിശ്രയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് മഹബാല്‍ മിശ്രയെ സസ്‌പെന്റ് ചെയ്തത്.
ദല്‍ഹി സംസ്ഥാനത്തിന്റെ ചുമതല നിര്‍വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി ആദ്യം മിശ്രയുടെ മകന്‍ വിനയ് കുമാര്‍ മിശ്ര ആംആദ്മിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാം സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും വിനയ് കുമാര്‍ മിശ്ര പരാജയപ്പെട്ടിരുന്നു.

വിനയ് കുമാര്‍ മിശ്ര ഇത്തവണ ആംആദ്മി ടിക്കറ്റില്‍ ധ്വാരകയില്‍ മത്സരിക്കുന്നുണ്ട്.

ദല്‍ഹിയില്‍ ഇത്തവണ ആം ആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി വന്നാല്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തില്‍ വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മറിച്ചാണ് ഫലമെങ്കില്‍ ആംആദ്മിയുമായുള്ള സഖ്യം പരിഗണിക്കും. ബി.ജെ.പിയെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും പി.സി ചാക്കോ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ പ്രചരണത്തിനിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഗുജറാത്ത് മോഡല്‍ എന്ന ബി.ജെ.പി വാഗ്ദാനത്തെ പൊളിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഗുജറാത്ത് നേതാക്കളെ പ്രചരണത്തിനെത്തിക്കുന്നത്. 30ലധികം നേതാക്കളാണ് ഗുജറാത്തില്‍ നിന്ന് ദല്‍ഹിയിലെത്തുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more