| Monday, 3rd June 2019, 1:48 pm

എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ പൂര്‍ണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും കൃത്യമായ ബോധ്യത്തോടെ എഴുതിയ കുറിപ്പ് തന്നെയാണ് ഇതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി കെ.പി.സി.ക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്.

പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more