ആലപ്പുഴ: ആര്‍.എസ്.എസ് സംഘടിപ്പിച്ച രാമക്ഷേത്ര ഫണ്ട് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ്. വിശ്വാസി ആയതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ. എ ഷൂക്കൂറാണ് ആര്‍.എസ്.എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രഘുനാഥപിള്ളയെ പിന്തുണച്ച് കൊണ്ട് സംസാരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
‘രഘുനാഥപിള്ള വിശ്വാസി ആയതുകൊണ്ടാണ് പിരിവ് ഉദ്ഘാടനം ചെയ്തത്. ആര്‍.എസ്.എസിനെ എക്കാലത്തും എതിര്‍ക്കുന്ന നേതാവാണ് രഘുനാഥപിള്ള,’ എന്നാണ് ഷുക്കൂര്‍ പറഞ്ഞത്.
ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി അനന്ത പത്മനാഭന്‍ നമ്പൂതിരിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ ടി.ജി രഘുനാഥപിള്ളയില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണ ഫണ്ട് സ്വികരിച്ചത്.
കോണ്‍ഗ്രസ് നേതാവ് ഫണ്ട് കൈമാറുന്നതിന്റെ ഫോട്ടോ സഹിതം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. മഹാലക്ഷ്മി ക്ഷേത്ര ദേവസ്വം പ്രസിഡന്റും പട്ടാര്യ സമാജം പ്രസിഡന്റും കൂടിയാണ് രഘുനാഥപിള്ള.
ഇത്തരമൊരു പരിപാടി നടത്താന്‍ ദേവസ്വം കമ്മിറ്റി ആലോചിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആര്‍.എസ്.എസിന്റെ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress supports Alappuzha RSS Ram temple fund collection inaugurated by congress leader