| Wednesday, 25th August 2021, 5:45 pm

ഇന്ത്യ വില്‍പനയ്ക്ക്; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #IndiaonSale ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ് ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ഇന്ത്യ വില്‍പനയ്ക്ക് (IndiaonSale) എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപെയ്ന്‍ വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായത്. അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്താണ് രാഹുല്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ക്യാംപെയന്‍ ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

70 വര്‍ഷം കൊണ്ട് പൊതുപണം ചിലവഴിച്ച് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സ്വത്ത് നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്.

റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.

നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.

റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുകയെന്നാണ് ധനമന്ത്രി അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress, supporters trend #IndiaOnSale on Twitter after Rahul Gandhi slams National Monetisation Pipeline

We use cookies to give you the best possible experience. Learn more