തിരുവനന്തപുരം: പി.ടി. തോമസ് എം.എല്‍.എയുടെ മരണത്തിനിടെ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് വിവാഹവാര്‍ഷിക ആശംസ നേര്‍ന്ന ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍.
പി.ടി. തോമസ് എന്ന നേതാവ് മരിച്ചത് അറിഞ്ഞില്ലേയെന്നും മറ്റ് പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഇതിന് പിന്നാലെ പി.ടി. തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.
ഇതിന് താഴെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഭിന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടിനെ തരൂര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ. സുധാകരന്‍, വി.ഡി. സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരെല്ലാം തരൂരിനെതിരെ പരസ്യനിലപാടുമായി വന്നിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പി.ടി. തോമസ് അന്തരിച്ചത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം.
തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജല്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.