| Thursday, 6th May 2021, 11:00 am

പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഓരോ പ്രവര്‍ത്തകര്‍ക്കും ഇതേ നിലപാടാണ്; കോണ്‍ഗ്രസിനെതിരായ ഷിബു ബേബി ജോണിന്റെ വിമര്‍ശനത്തെ പിന്തുണച്ച് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യു.ഡി.എഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുകയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ ജനം തന്നതെന്നും ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കെരുതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

താങ്കള്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നെന്നും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഓരോ പ്രവര്‍ത്തകര്‍ക്കും ഇതേ നിലപാടാണെന്നും ചിലര്‍ കമന്റ് ചെയ്തു. സത്യങ്ങള്‍ ഇതുപോലെ ഉച്ചത്തില്‍ വിളിച്ചുപറയണമെന്നും താങ്കള്‍ അതിനുള്ള ചങ്കൂറ്റം കാണിച്ചെന്നും കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും ചിലര്‍ പ്രതികരിച്ചു.

രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വളരെ ഭംഗിയായി നിര്‍വഹിച്ചു. പാര്‍ട്ടി സംവിധാനത്തില്‍ നിന്നും പിന്തുണ കിട്ടിയില്ല എന്നു മാത്രമല്ല പലരും പിന്നില്‍ നിന്ന് കുത്താനും ശ്രമിച്ചു. മാറേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ ആണ്. കഴിവുള്ള, നട്ടെല്ലുള്ള, ഉറക്കം തൂങ്ങാത്ത ഒരു നേതാവ് ആ സ്ഥാനത്ത് വന്നാല്‍ കോണ്‍ഗ്രസ് രക്ഷപെടുമെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

പല കാര്യങ്ങളും പറയേണ്ട സമയത്ത് പറയാത്തതിന്റെ കുഴപ്പമാണെന്നും ഇതൊക്കെ നേരത്തെ പറയേണ്ടതായിരുന്നെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇനിയെങ്കിലും ഗ്രൂപ്പ് കളിക്കുന്ന തമ്പ്രാക്കന്‍മാരുടെ കണ്ണ് തുറക്കട്ടെയെന്നും ഈ സത്യം വിളിച്ചുപറഞ്ഞ അങ്ങയെ നൂറ് ശതമാനം പിന്തുണയ്ക്കുന്നുവെന്നുമാണ് ചിലരുടെ പ്രതികരണം.

അണികള്‍ ആണ് കോണ്‍ഗ്രസിന്റെ ബലം. തെറ്റ് ആരു ചെയ്താലും ചൂണ്ടിക്കാണിക്കുക. ഗ്രൂപ്പ് നോക്കാതെ കെ.പി.സി.സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുത്താല്‍ തന്നെ കോണ്‍ഗ്രസിലെ പകുതി പ്രശ്‌നങ്ങളും തീരുമെന്നും ചിലര്‍ പറയുന്നു.

നിങ്ങളാണ് ശരി. ഇനിയെങ്കിലും കെ.പി.സി.സിയുടെ ഈ ഗ്രൂപ്പ് നാടകം അവസാനിപ്പിച്ചുകൂടെ. നേതാക്കള്‍ ഒന്ന് മനസ്സിലാക്കണം കഴിഞ്ഞ 5 വര്‍ഷം പിണാറായിയുടെ പൊലിസിനോട് തെരുവില്‍ കിടന്ന് യുദ്ധം ചെയ്ത പാര്‍ട്ടിയെ സ്‌നേഹിച്ച കുറെയധികം ചെറുപ്പക്കാര്‍ ഉണ്ട്. ഉള്ളില്‍ അവര്‍ ഇപ്പോഴും വികാരം ഒതുക്കി തേങ്ങുകയാണ്. അപ്പോഴാണ് ഇവരുടെ പൊറാട്ട് ഗ്രൂപ്പ് കളി. കുഴിച്ചുമൂടു ഇവരുടെ ആദര്‍ശങ്ങള്‍. പാര്‍ട്ടിയുടെ രക്ഷയല്ല ഇവര്‍ക്ക് വലുത് മറിച്ച് അവരുടെ ഗ്രൂപ്പാണ്. കോണ്‍ഗ്രസ്സിനെ ഇഷ്ടപ്പെടുന്ന മതേതര ജനാധിപത്യവിശ്വാസികള്‍ ഇവര്‍ക്ക് മാപ്പു തരില്ല. സേവ് കോണ്‍ഗ്രസ്, എന്നിങ്ങനെയാണ് കമന്റുകള്‍.

കെ. സുധാകരന്‍ പ്രസിഡന്റ് ആവുന്നതും വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആകുന്നതും തടയാന്‍ കെ.സി വേണുഗോപാലും കുറെ കടല്‍ കിഴവന്‍മാരായ (A) ഗ്രൂപ്പ് നേതാക്കളും കളിക്കുന്ന നാറിയ കളിയാണ് ഈ രഹസ്യ യോഗം. താങ്കളുടെ ഈ തുറന്നെഴുത്തിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകള്‍.

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ ചോദിച്ചത്.

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിലെഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more