| Friday, 29th March 2024, 3:52 pm

2017ല്‍ ബി.ജെ.പിക്ക് കിട്ടിയത് 42 കോടി, സംഭാവന നല്‍കിയത് 92 പേര്‍; കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആദായ നികുതി വകുപ്പിനെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 1,700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

കണക്കുകളില്‍ ബി.ജെ.പി കടുത്ത നിയമലംഘനങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു. വാദത്തെ ശക്തമാക്കുന്ന ഏതാനും വിവരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ എ.ഐ.സി.സി നേതാക്കള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ബി.ജെ.പിക്ക് കിട്ടിയ സംഭാവനകളുടെ കണക്കുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. 2017ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 42 കോടിയുടെ സംഭാവനയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നിട്ടില്ലെന്ന് അജയ് മാക്കന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പൂര്‍ണമല്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ബി.ജെ.പിക്ക് സംഭാവന നല്‍കിയ 92 പ്രമുഖരുടെ വിവരങ്ങള്‍ കമ്മീഷന്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരില്‍ നിന്ന് സംഭാവനയായി എത്ര പണം ബി.ജെ.പിക്ക് കിട്ടിയെന്നതില്‍ വ്യക്തതയില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം ബി.ജെ.പി 4,600 കോടി രൂപ പിഴ അടക്കണമെന്നും ബി.ജെ.പിയില്‍ നിന്ന് പിഴ ഈടാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.

‘നികുതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു നയവും ബി.ജെ.പിക്ക് മറ്റൊരു നയവുമാണ്. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം,’ അജയ് മാക്കന്‍ പറഞ്ഞു.

2016-17 സാമ്പത്തിക വര്‍ഷത്തിലെ നികുതി പുനര്‍നിര്‍ണയത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളിക്കളഞ്ഞിരുന്നു. 2018-19 വര്‍ഷത്തെ നികുതി കുടിശ്ശികയായി കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പിഴയും പലിശയുമടക്കം ആദായ നികുതി വകുപ്പില്‍ കോണ്‍ഗ്രസ് അടക്കേണ്ടത് 1823.08 കോടി രൂപയാണ്. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അക്കാലത്തെ പിഴ 53.9 കോടി രൂപയോളമാണ്.

2016-2017ല്‍ 181.90 കോടി, 2017-2018ല്‍ 178. 73 കോടി, 2018-2019 ല്‍ 918.45 കോടി, 2019 -2020ല്‍ 490.01 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

എന്നാല്‍ കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ അതില്‍ തളരില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Content Highlight: Congress strongly criticized the Income Tax Department and the BJP

We use cookies to give you the best possible experience. Learn more