മുര്‍ഷിദാബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് തെലുങ്കാന സംസ്ഥാന അദ്ധ്യക്ഷന്‍ രേവന്ത് റെഢിയുമാണ് ഒവൈസിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഒവൈസിയുടെ പാര്‍ട്ടി തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരമൊരുക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തെലുങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഢിക്കെതിരായ ഒവൈസിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി.
രേവന്ത് റെഢി ആര്‍.എസ്.എസിന്റെ കളിപ്പാവയാണെന്നായിരുന്നു ഒവൈസിയുടെ വിമര്‍ശനം. എന്നാല്‍ ഒവൈസി എന്താണ് ചെയ്യുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബി.ജെ.പിയുടെ ജയം എളുപ്പമാക്കലാണ് ഒവൈസിയുടെ ജോലിയെന്നും അധിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു.
‘ ഒവൈസി എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിക്ക് ജയിക്കാനുള്ള വഴിയൊരുക്കയാണ് അദ്ദേഹം. എല്ലായിടത്തം അദ്ദേഹം ഇതാണ് ചെയ്യാറുള്ളത്. ബി.ജെ.പിയുടെ ജയം എളുപ്പമാക്കലാണ് അദ്ദേഹത്തിന്റെ ജോലി. ഒവൈസി ബി.ജെ.പിയില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കുന്നുമുണ്ട്. ഇത് രാജ്യത്ത് എല്ലാവര്‍ക്കും അറിയാം. തെലങ്കാനയില്‍ ബി.ജെ.പിയെ സഹായിക്കുന്ന അവരുടെ ഏറ്റവും അടുത്ത സുഹൃത്താണ് അസദുദ്ദീന്‍ ഉവൈസി,’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അസദുദ്ദീന്‍ ഒവൈസിയുടെ ഷര്‍വാണിക്ക് താഴെ ആര്‍.എസ്.എസിന്റെ കാവി നിക്കറാണുള്ളതെന്ന് എന്നായിരുന്നു രേവന്ത് റെഢിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഒവൈസി ബി.ജെ.പിയെ പിന്തുണക്കുകയാണെന്നും രേവന്ത് റെഢി ആരോപിച്ചിരുന്നു. അതുകൊണ്ടാണ് വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നിരന്തരം വെല്ലുവിളിച്ചിട്ടും ഒവൈസി അത് അവഗണിക്കുന്നത് എന്നും തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
content highlights; Congress strongly criticized Asaduddin Owaisi