| Tuesday, 25th September 2012, 8:05 am

കല്‍ക്കരി അഴിമതി: അന്വേഷണം എന്‍.ഡി.എ കാലത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരിപ്പാട അഴിമതി  സി.ബി.ഐ അന്വേഷണം എന്‍.ഡി.എ കാലത്തേക്കും വ്യാപിക്കുന്നു. 1993 മുതല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) ന്റെ ശുപാര്‍ശ അംഗീകരിച്ചാണ് എന്‍.ഡി.എയുടെ ആറ് വര്‍ഷക്കാലം സി.ബി.ഐ അന്വേഷിക്കുന്നത്. കല്‍ക്കരി മന്ത്രി ജെയ്‌സ്വാള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിവിസിക്ക് കത്തയച്ചിരുന്നു. ആറ് കോണ്‍ഗ്രസ് എം.പി മാരും ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു.

കേസില്‍ 1993 മുതല്‍ 2004 വരെയുള്ള എന്‍.ഡി.എ കാലം കൂടി അന്വേഷിക്കുന്നതോടെ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കല്‍ക്കരിപ്പാടത്തിന് അനുയോജ്യമായ കമ്പനികളെ കണ്ടെത്തുന്നതിലും ലൈസന്‍സ് അനുവദിക്കുന്നതിലും പിന്തുടരുന്ന രീതി പുന:പരിശോധിക്കണമെന്നും ആവശ്യം  ഉയര്‍ന്നിരുന്നു. 1973 ലെ കല്‍ക്കരിപ്പാടം (ദേശസാത്കൃതം) നിയമപ്രകാരമാണ് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ലൈസന്‍സ് അനുവദിക്കുന്നത്.[]

ഏഴ് കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. വസ്തുതകള്‍ മറച്ച് വെക്കല്‍, വഞ്ചന, എന്നീ കുറ്റങ്ങളാണ് വിനി അയേണ്‍ ആന്‍ഡ് സ്റ്റീല്‍, നവഭാരത് സ്റ്റീല്‍, അഭിജിത് ഗ്രൂപ്പിന്റെ ജെഎഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, എ എം ആര്‍ അയേണ്‍ ആന്റ് സ്റ്റീല്‍, ജെ എല്‍ ഡി യവത്മാള്‍, നാഗ്പൂര്‍ ആസ്ഥാനമായ ഗ്രേപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കൊല്‍ക്കത്ത ആസ്ഥാനമായ വികാസ് മെറ്റല്‍സ് ആന്റ് പവര്‍ ലിമിറ്റഡ്, എന്നീ കമ്പനികള്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്.

ലേലം കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയത് മൂലം 1.86 ലക്ഷം രൂപയാണ് പൊതുഖജനാവിന് നഷ്ടമായെന്നാണ് സി.എ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റിലയന്‍സ്, എസ്സാര്‍ പവര്‍, ഹിന്‍ഡാല്‍ കോ, ടാറ്റാ സ്റ്റീല്‍, ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍  ആന്റ് പവര്‍, തുടങ്ങി 25 ഓളം കമ്പനികളാണ് കല്‍ക്കരിപ്പാടത്തിലൂടെ ലാഭമുണ്ടാക്കിയത്.

2005-09 വരെയുള്ള കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ഖജനാവ് കാലിയാക്കിയതിന് ഉത്തരവാദി മന്‍മോഹനാണെന്നും അദ്ദേഹം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് പാര്‍ലമെന്റ് ശീതകാല സമ്മേളനം ബി.ജെ.പി പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more