കണ്ണൂര്‍: തലശ്ശേരിയിലെ മുന്‍ സി.പി.ഐ.എം നേതാവ് സി.ഓ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന എ.എന്‍ ഷംസീര്‍ എം.എല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ആലോചന. ഇതിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തും.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.
ഷംസീറാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളോടും നസീര്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഷംസീറിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഷംസീറിന് വേണ്ടി വലിയ പ്രതിരോധമുയര്‍ത്താന്‍ സി.പി ഐ.എം ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരം ഊര്‍ജ്ജിതമാക്കാന്‍ ആലോചിച്ചിരിക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും അടക്കമുള്ള നേതാക്കള്‍ നസീറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. ഈ ആവശ്യത്തെ നസീര്‍ തള്ളിക്കളഞ്ഞിരുന്നില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. മറ്റ് രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇനിയും ആലോചിക്കണമെന്നായിരുന്നു നസീറിന്റെ മറുപടി.